പെട്രോളിലേക്ക് ഏഴുരൂപയുടെ അകലം മാത്രം, 70 പിന്നിട്ട് ഡീസൽ വില

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഡീസൽവില ചരിത്രത്തിലാദ്യമായി എഴുപതു രൂപ കടന്നു. തിരുവനന്തപുരത്താണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പെട്രോൾ വില നാലു വർഷത്തെ ഉയർന്ന നിരക്കായ 77.67 രൂപയിൽ എത്തി. 

എഴുപതു രൂപ എട്ടു പൈസയാണ് ഡീസലിന് തലസ്ഥാനനഗരത്തിലെ നിരക്ക്. ശനിയാഴ്ച 69 രൂപ 89 പൈസ ആയിരുന്ന വിലയാണ് 19 പൈസ കൂടി ഞായറാഴ്ച എഴുപതിനു മുകളിൽ എത്തിയത്. മറ്റു ജില്ലകളിലും വില വർധന ഉണ്ടായിട്ടുണ്ടെങ്കിലും, എഴുപതിനടുത്തു മാത്രമേ എത്തിയിട്ടുള്ളൂ. പെട്രോളിന് തിരുവനന്തപുരത്ത് 18 പൈസ കൂടിയാണ് 77 രൂപ 67 പൈസ ആയത്. ഇന്ധനവില റെക്കോർഡുകൾ ഭേദിക്കുമ്പോൾ സാധാരണക്കാരന്റെ ജീവിതവും ദുസഹമാവും.

ഡിസംബർ അവസാനവാരം മുതൽ ദിവസേന ശരാശരി 19 പൈസ വെച്ചാണ് ഡീസൽ വില വർധിച്ചത്. ഇന്ധനവില കുതിച്ചുയരുന്നതിനു പിന്നിൽ ബിജെപിയും ബഹുരാഷ്ട്ര കുത്തകകളും തമ്മിലുള്ള രഹസ്യ അജണ്ടയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അധികനികുതി വേണ്ടെന്നുവെച്ച് ഇന്ധനവില പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.