Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മരണകളുടെ ഉയിർപ്പ്; നോമ്പിൽ സ്ഫുടം ചെയ്തെടുത്ത ചൈതന്യവുമായി ഈസ്റ്റർ

easter-jesus

50 ദിവസത്തെ നോമ്പിൽ സ്ഫുടം ചെയ്തെടുത്ത ചൈതന്യവുമായി ഈസ്റ്റർ. കുരുത്തോലയും കുരിശുമലകയറ്റവും രുചികരമായ വിഭവങ്ങളും ഒക്കെ മനസ്സിൽ നിറയ്ക്കുന്നത് അനുഭൂതികളുടെ ഈസ്റ്റർ.

പാതി ഉറക്കത്തിൽ നിന്നു തട്ടി വിളിച്ചുണർത്തി അണിയിച്ചൊരുക്കും. തണുത്തവെള്ളത്തിൽ വിറച്ചു മുഖവും ദേഹവും കഴുകുമ്പോൾ ഷോക്കടിക്കുന്നപോലെ തോന്നും. മഞ്ഞും തണുപ്പും പകരുന്ന തലോടലിൽ ആകെ പൊതിഞ്ഞു പാതിരാ കുർബാനയ്ക്കു നേരെ പള്ളിയിലേക്ക് യാത്ര. ഒരു വർഷം പ്രധാനമായും രണ്ടു തവണയാണ് ഇങ്ങനെയുള്ള ദേവാലയയാത്ര. ഒന്ന് ക്രിസ്മസിന്. രണ്ടാമത്തേത് ഈസ്റ്റർ അഥവാ ഉയിർപ്പിന്. വീട്ടിൽ നിന്നിറങ്ങി ഇടവഴികളിൽകൂടി നടന്നു തുടങ്ങുമ്പോൾ ആദ്യം അൽപം മടുപ്പുതോന്നും. പാതിരാ കുർബാനയ്ക്കു കൊണ്ടുപോകാൻ വിളിച്ചുണർത്തണം എന്നു മാതാപിതാക്കളെ തലേന്നു പറഞ്ഞേൽപ്പിച്ചതിനെ കുറിച്ചു മനസ്തപിക്കും.

എന്നാൽ പ്രധാനവഴികളിലേക്ക് എത്തുമ്പോഴേക്കും മടുപ്പ് പമ്പകടക്കും. കാരണം കൂട്ടുകാരും ബന്ധുക്കളുമെല്ലാം വിറച്ചും തണുത്തും പലവഴിക്കു നടന്നുവരുന്നു. ഷാളും പുതപ്പും പുതച്ചും കമ്പിളി വസ്ത്രം ധരിച്ചും പലരും പ്രച്ഛന്നവേഷധാരികളാണ്. കണ്ടുമുട്ടുന്നതേ പറയും ഹാപ്പി ഈസ്റ്റർ. ക്രിസ്മസിനുള്ള ദേവാലയ യാത്രപോലെയല്ല ഇൗസ്റ്ററിന്. ക്രിസ്മസ് യാത്ര ബഹളമയമാണ്. മലമുകളിൽ നിന്നും താഴ്‌വാരങ്ങളിൽ നിന്നും പടക്കങ്ങൾ പൊട്ടും. കാരൾ സംഘങ്ങളിലെ ഭടൻമാരും രാജാക്കൻമാരും ആട്ടിടയൻമാരുമെല്ലാം കുന്തവും കീരിടവും ഒക്കെയായി തലങ്ങും വിലങ്ങും വരും. തണുപ്പു പതിയെ ആവേശത്തിനു വഴിമാറും.

ഈസ്റ്ററിനു ദേവാലയത്തിലേക്കുള്ള യാത്രയ്ക്ക് ഇത്രയും നാടകീയത ഇല്ല. കാരണം ഭടൻമാരുടെ മർദനവും പീഡകളുമേറ്റു മരിച്ച ക്രിസ്തുവാണു മനസ്സിൽ. ദുഃഖവെള്ളിയും ദുഃഖശനിയും മനസ്സിൽ അപ്പോഴും ദുഃഖം കനപ്പിച്ചു കിടക്കും. ദേവാലയത്തിൽ എത്തുമ്പോഴും അതേ ദുഃഖവും നിശബ്ദതയും തളം കെട്ടി നിൽക്കുന്നുണ്ടാകും. പാതിവിറയ്ക്കുന്ന ചുണ്ടുകൾകൊണ്ടു പ്രാർഥനകൾ ഉരുവിട്ടും പാതിമറച്ച കൈത്തലങ്ങളിലെ കൊന്തമണികൾ ഉരുട്ടിയും മുഖത്താകെ നിറഞ്ഞ ദുഃഖഭാരത്തിൽ ജപമാല ചൊല്ലുന്ന അമ്മച്ചിമാരും കൂടി ചേരുമ്പോൾ ദുഃഖത്തിനു തീവ്രതയേറും.

കേവലം ഒരു ദിവസത്തിൽ ഒതുങ്ങുന്നതല്ല ഈസ്റ്ററിന്റെ ആചരണവും ആഘോഷവും. നീണ്ട 50 നാൾ മത്സ്യവും മാംസവും ഉപേക്ഷിച്ചുള്ള നോമ്പ്. രുചികരമായി പാചകം ചെയ്ത മത്സ്യമാംസാദികളുടെ സ്വാദും മണവും പകരുന്ന പ്രലോഭനങ്ങളെ പലവട്ടം തോൽപ്പിച്ചാണു നോമ്പ് പൂർത്തിയാക്കുക. ഈസ്റ്ററിനു വീടുകളിൽ ആടും കോഴിയും പോത്തുമെല്ലാം ഉപയോഗിച്ചു പലവിധ വിഭവങ്ങൾ തയാറാക്കും. ഇതിനുള്ള മൃഗത്തെ ഒരാഴ്ച മുൻപു തന്നെ കശാപ്പുശാലയുടെ അടുത്ത് പ്രദർശന വസ്തുവായി നിർത്തിയിരിക്കും. കശാപ്പുകാരന്റെ മാർക്കറ്റിങ് തന്ത്രം. വഴിപോക്കരായ നോമ്പുകാരെയെല്ലാം പ്രലോഭിപ്പിച്ച് അവൻ വാലാട്ടി പുല്ലുമേഞ്ഞു നിൽക്കും. ഈസ്റ്റർ ഞായർ വരെ മാത്രമെയുള്ളു നിന്റെ ഗമയെന്ന് ഓരോ പ്രാവശ്യവും അവനെ കാണുമ്പോൾ മനസ്സിൽ പറയും.

ഓശാന ഞായറാണ് ഈസ്റ്റർ പടിവാതിക്കലെത്തി എന്ന് ഓർമിപ്പിക്കുക. കുരുത്തോല വാങ്ങാൻ പള്ളിയിലേക്കു പോകാൻ ആവേശം കൂടുതലാണ്. എല്ലാവരും കുരുത്തോലയുമായി ദേവാലയത്തിൽ നിൽക്കുന്നതും പ്രദക്ഷിണം നടത്തുന്നതും പോലുള്ള സുന്ദരകാഴ്ചകൾ അപൂർവം. ഏറ്റവും വലിയ കുരുത്തോല സ്വന്തമാക്കാനാണ് ആദ്യം തിടുക്കം. കൂട്ടുകാരന്റെ കുരുത്തോല വാങ്ങി ഒപ്പം പിടിച്ചുനോക്കി എന്റേതാണു വലുതെന്നു കണ്ടെത്തുമ്പോൾ സ്വർഗം കീഴടക്കിയ പ്രതീതി. ചിലർ കുരുത്തോലയിൽ ചിത്രപ്പണികൾ ചെയ്യും. മനോഹരമായ കുരിശ് നെയ്തുണ്ടാക്കും. പിന്നെ അതാണു ഗമയിൽ ഉയർത്തിപ്പിടിച്ചു നിൽക്കുക. കുരുത്തോല നിലത്തു മുട്ടിക്കരുതെന്നു മാതാപിതാക്കൾ ഓർമിപ്പിക്കും. അറിയാതെ നിലത്തുമുട്ടിയാൽ കാതുതിരിച്ചു പൊന്നാക്കും. കുരുത്തോല വാടാതിരിക്കാനാണു വെപ്രാളം. വേഗത്തിൽ കുരുത്തോല വാടിയാൽ അത്യാഹിതം സംഭവിക്കുമെന്നൊക്കെ കുട്ടികൾ പരസ്പരം പറയുന്നതു മറ്റൊരു ബാല്യകാല കൗതുകം. പെസഹായ്ക്കു ശേഷം ദുഃഖവെള്ളിയാഴ്ച യേശുക്രിസ്തുവിന്റെ പീഡകളെ അനുസ്മരിച്ചുള്ള മലകയറ്റം. ചിലർ വലിയ കുരിശുകളും തോളിലേറ്റിയാണു വരിക.

കുരിശുമലയിൽ പ്രാർഥനകൾക്കുശേഷം ലഭിക്കുന്ന കയ്പുനീർ അൽപമെങ്കിലും നുണയാതെ മലയിറങ്ങാനാവില്ല. ദാഹിച്ചു വലഞ്ഞതിനാൽ കിട്ടുന്നതെന്തും അമൃതുപോലെ കഴിക്കാനാണ് ആഗ്രഹം. കയ്പ് പക്ഷേ, ഇതിനു സമ്മതിക്കില്ല. ശീതളപാനീയംപോലെ കവിൾ നിറച്ചു കയ്പുനീർ കുടിച്ചു മറ്റുള്ളവരുടെ മുൻപിൽ ഹീറോയാകാൻ ശ്രമിക്കുന്നവരെയും കാണാം. ചൂടുകഞ്ഞിയിൽ ഉപ്പിട്ട് അൽപം കടുകുമാങ്ങ അച്ചാറും പയറുതോരനും ചേർത്തു നേർച്ചക്കഞ്ഞി ചിലയിടങ്ങളിൽ ലഭിക്കും. അതുവലിച്ചു കുടിക്കുമ്പോൾ മനസ്സും ശരീരവും നിറഞ്ഞു തുളുമ്പും. ദുഃഖശനിയാഴ്ച ശരിക്കും ഈസ്റ്ററിനുള്ള ഒരുക്കത്തിലാകും കടന്നുപോകുക. ശനിയാഴ്ച വൈകിട്ടുതന്നെ അടുക്കളയിൽ നിന്നു സ്വാദിഷ്ടമായ മണം പ്രലോഭനമായി പുറത്തുവന്നു തുടങ്ങും. കാര്യമില്ല. എന്തെങ്കിലും കിട്ടണമെങ്കിൽ അർദ്ധരാത്രിയിൽ കുർബാന കഴിഞ്ഞെത്തണം.

കുർബാന കഴിഞ്ഞിറങ്ങുമ്പോൾ കുട്ടികൾക്ക് ഈസ്റ്റർ മുട്ടകളും ലഭിക്കും. ചിലയിടങ്ങളിൽ യഥാർഥ മുട്ട പുഴുങ്ങിയതു തോടിൽ പലവിധ നിറം പിടിപ്പിച്ചാണു തരിക.  മറ്റിടങ്ങളിൽ ബേക്കറികളിൽ നിന്നുള്ള മാവും അരിപ്പൊടിയും മറ്റും  ചേർത്തുള്ള ഈസ്റ്റർ മുട്ടകളുമുണ്ടാകും. ഈ മുട്ട പൊട്ടിക്കുമ്പോൾ ചിലപ്പോൾ ഉള്ളിൽ നല്ല സമ്മാനങ്ങളുമുണ്ടാകും.

ദേവാലയത്തിൽ നിന്നു വീട്ടിലേക്ക്. പിന്നെ ഭക്ഷണവും ആഘോഷങ്ങളും കളിചിരികളുമായി നേരം പോകുന്നത് അറിയില്ല. നോമ്പിന്റെ ത്യാഗവും പ്രാർഥനയുടെ സംതൃപ്തിയും  ആഘോഷത്തിന്റെ ആവേശവും ഒപ്പം വേനലവധിയുടെ ആലസ്യവും ചേരുന്നതാണ് ഈസ്റ്റർ. എത്ര ആഘോഷിച്ചാലും പിന്നെയും പിന്നെയും ബാക്കി.