നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കു 492 റൺസ് തോല്‍വി; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ വിജയിച്ച ദക്ഷിണാഫ്രിക്കൻ ടീം ട്രോഫിയുമായി. (ട്വിറ്റർ ചിത്രം)

ജൊഹാനാസ്ബർഗ്∙ പന്തു ചുരണ്ടൽ വിവാദം നിറം കെടുത്തിയ ടെസ്റ്റ് പരമ്പരയിലെ നാലാം മൽസരത്തിൽ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ തോൽവി. 492 റൺസിന്റെ തോൽവി വഴങ്ങിയ ഓസ്ട്രേലിയ, പരമ്പര 3–1ന് ദക്ഷിണാഫ്രിക്കയ്ക്ക് അടിയറവു വച്ചു. ഇതോടെ, പന്തു ചുരണ്ടൽ വിവാദത്തോടെ നായകനായി അവരോധിക്കപ്പെട്ട ടിം പെയ്നിന്റെ തുടക്കം തോൽവിയോടെയായി. 612 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 119 റണ്‍സിന് പുറത്താവുകയായിരുന്നു.

സ്കോർ: ദക്ഷിണാഫ്രിക്ക 488 & 344/6d, ഓസ്ട്രേലിയ – 221 & 119

ആറു വിക്കറ്റ് വീഴ്ത്തിയ വെര്‍ണന്‍ ഫിലാന്‍ഡറാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ തകര്‍ത്തത്. രണ്ടു വിക്കറ്റ് സ്വന്തമാക്കിയ മോണി മോര്‍ക്കല്‍ ഈ മല്‍സരത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മോര്‍ക്കലിന് വെങ്കലം കൊണ്ടുള്ള ബൂട്ട് നല്‍കി ദക്ഷിണാഫ്രിക്കന്‍ ടീം ആദരിച്ചു. മൽസരത്തിലാകെ ഒൻപതു വിക്കറ്റ് വീഴ്ത്തിയ ഫിലാൻഡറാണ് കളിയിലെ കേമൻ. പേസ് ബോളര്‍ കാഗിസോ റബാദ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ഇന്നിങ്സിൽ 612 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താനായില്ല. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത് രണ്ടു പേർ മാത്രം. 80 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 42 റൺസെടുത്ത ഓപ്പണർ ജോ ബേൺസും 44 പന്തിൽ നാലു ബൗണ്ടറികളോടെ 24 റൺസെടുത്ത പീറ്റർ ഹാൻഡ്സ്കോംബുമാണ് രണ്ടക്കം കടന്നവർ.

മാറ്റ് റെൻഷോ (അഞ്ച്), ഉസ്മാൻ ഖവാജ (ഏഴ്), ഷോൺ മാർഷ് (ഏഴ്), മിച്ചൽ മാർഷ് (0), ടിം പെയ്ൻ (ഏഴ്), പാറ്റ് കമ്മിൻസ് (ഒന്ന്), നഥാൻ ലയോൺ (ഒൻപത്), സായേഴ്സ് (0), ജോഷ് ഹെയ്സൽവുഡ് (പുറത്താകാതെ ഒൻപത്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ആതിഥേയർക്കായി ഫിലാൻഡർ മൂന്നും മോർക്കൽ രണ്ടും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.