Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശദാംശങ്ങൾ വെളിപ്പെടുത്തില്ലെന്ന് കമ്മിഷൻ; ഓപ്പറേഷൻ ബ്ലൂസ്റ്റാർ ‘രഹസ്യ’മായി തുടരും

Operation-Blue-Star-Golden-Temple സുവർണ ക്ഷേത്രം (ഇൻസെറ്റിൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെത്തുടർന്ന് ക്ഷേത്രത്തിൽ വെടിയുണ്ടയേറ്റ പാടുകൾ)

ന്യൂഡൽഹി∙ ഓപ്പറേഷൻ ബ്ലൂസ്റ്റാർ സംഭവിച്ച് 30 വർഷമായെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന നിലപാടിൽ കേന്ദ്ര വിവരാവകാശ കമ്മിഷൻ. വിവരങ്ങൾ പുറത്തുവിടുന്നത് ഇപ്പോഴും രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയാകുമെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്. വിവരാവകാശ നിയമപ്രകാരം ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വിവരങ്ങൾ തേടിയവരെ കമ്മിഷൻ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

വിവരങ്ങൾ പുറത്തുവിടുന്നതു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കും. പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. വിവിധ വിഭാഗങ്ങൾ‌ തമ്മിൽ അസഹിഷ്ണുത നിലനിൽക്കുന്ന സമയമാണിത്. ഇപ്പോൾ വിവരങ്ങള്‍ പുറത്തുവിടുന്നതു വിവേകപൂർണമായ നടപടിയാകില്ല – വിവരാവകാശ കമ്മിഷണർ ദിവ്യ പ്രകാശ് സിൻഹ മറുപടിയില്‍ ചൂണ്ടിക്കാട്ടി.

രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിച്ച വിഘടനവാദികളെ നേരിട്ട സംഭവത്തിലെ വിവരങ്ങൾ നൽകുന്നത് സുരക്ഷാ പ്രശ്നങ്ങൾക്കു കാരണമായേക്കാമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ വിവരാവകാശ ഉദ്യോഗസ്ഥരും നിലപാടെടുത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട വിഘടനവാദി പ്രസ്ഥാനത്തിന്റെ സ്വാധീനം ഇപ്പോഴും ഇന്ത്യയ്ക്കകത്തും പുറത്തും അവശേഷിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഓപ്പറേഷനിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ പേരുപയോഗിച്ച് വീണ്ടും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിൽ മുഴുകാനുള്ള സാധ്യതയുമുണ്ട്.

2012ൽ ലഫ്. ജനറൽ കെ.എസ്. ബ്രാറിനു നേരെയുണ്ടായ അക്രമം കൂടി പരിഗണിച്ചാണു നടപടി. ഓപ്പറേഷൻ ബ്ലൂസ്റ്റാർ കഴിഞ്ഞ് 28 വർഷത്തിനു ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് 2012 ഒക്ടോബറിൽ ലണ്ടൻ നഗരത്തിലുൾപ്പെടെ ആക്രമണമുണ്ടാകുന്നത്. ഇതേ സംഭവത്തിന്റെ പേരിലാണ് 1986ൽ ജനറൽ എ.എസ്. വൈദ്യ കൊല്ലപ്പെടുന്നതും. വിവരങ്ങൾ പുറത്തുവിട്ടാൽ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങൾക്കു ഉപയോഗിച്ചേക്കാമെന്നും കമ്മിഷൻ വിലയിരുത്തി. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വിശദാംശങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന തീരുമാനം.

1984 ജൂൺ ഒന്നിനു തുടങ്ങിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ ആറാം തീയതിയാണ് അവസാനിച്ചത്. ഖലിസ്‌ഥാൻ എന്ന സ്വതന്ത്ര രാഷ്‌ട്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭമാണു സൈനിക നടപടിയിൽ കലാശിച്ചത്. പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ കടന്ന സിഖ് ഭീകരരെ നേരിടാനായിരുന്നു നടപടി. സൈനികരടക്കം അറുന്നൂറോളം പേർ കൊല്ലപ്പെട്ടെന്നാണു സൈന്യം നൽകിയ ഔദ്യോഗിക കണക്ക്.