പ്രതിമ തകർക്കൽ അവസാനിക്കുന്നില്ല: രാജസ്ഥാനിൽ ഗാന്ധിജിയുടെ തല തകര്‍ത്ത നിലയിൽ

ഗാന്ധി പ്രതിമയുടെ തല തകർത്ത നിലയിൽ.ചിത്രം: എഎൻഐ ട്വിറ്റർ

ജയ്പൂർ∙ രാജസ്ഥാനിൽ മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ തകര്‍ത്ത നിലയിൽ കണ്ടെത്തി. പ്രതിമയു‍ടെ തലയും പ്രതിമ സ്ഥാപിച്ച തറയുടെ ഭാഗവും തകർത്ത നിലയിലാണു നാഥ്ദ്വാരയിലെ രാജ്സമന്ദിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം ജയ്സാൽമറിലും മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഒരാളെ പൊലീസ് പിടികൂടി.

കണ്ണൂർ നഗരത്തിലും ഗാന്ധി പ്രതിമയ്ക്കു നേരെ ദിവസങ്ങൾക്കു മുൻപ് അക്രമം നടന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതാക്കളുടെ പ്രതിമ തകർക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ളവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാനാണു പ്രധാനമന്ത്രിയുടെ നിർദേശം.

ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തു തുടങ്ങിയ സംഭവമാണ് ഇപ്പോൾ ഗാന്ധി പ്രതിമയിലെത്തി നിൽക്കുന്നത്. തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങൾക്കു പിന്നാലെ ഉത്തർപ്രദേശിലെ മീററ്റിൽ ഡോ. ബി.ആർ. അംബേദ്കറിന്റെ പ്രതിമയും തകർക്കപ്പെട്ടു. തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയ ആചാര്യനായ പെരിയോർ ഇ.വി. രാമസാമി നായ്ക്കരുടെയും കൊൽക്കത്തയിൽ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പ്രതിമകളും തകർക്കപ്പെട്ടിരുന്നു.