Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മനാഭ മാരാർ അന്തരിച്ചു; നിശബ്ദമായത് നൂറ്റാണ്ടു പിന്നിട്ട സോപാനസംഗീതസപര്യ

padmanabha-marar-obit രാമപുരം പത്മനാഭ മാരാർ - ഫയൽ ചിത്രം.

കോട്ടയം∙ സോപാനസംഗീതത്തിൽ ഏറ്റവും കൂടുതൽ കാലം കൊട്ടിപ്പാടി സേവ നടത്തിയ രാമപുരം പത്മനാഭ മാരാർ അന്തരിച്ചു. 113 വയസ്സായിരുന്നു. സംസ്കാരം പിന്നീട്. പരേതയായ ഭവാനിയമ്മയാണു ഭാര്യ. ഗോപാലകൃഷ്‌ണൻ, നാരായണൻ, ചന്ദ്രമതി, ചന്ദ്രൻ എന്നിവർ മക്കൾ. രാമപുരം ചെറുവള്ളിൽ മാരാത്താണു പത്മനാഭ മാരാരുടെ കുടുംബം. 1905 ജനുവരി ഒന്നിന് (1080 ധനു 18 ചോതി നക്ഷത്രം) പാലാ രാമപുരത്തു ചെറുവള്ളിൽ മാരാത്ത് പാർവതി മാരാസ്യാരുടെയും ചാത്തോത്ത് മാരാത്ത് ശങ്കരമാരാരുടെയും മകനായി ജനനം.

നാലാം ക്ലാസിൽ പഠനം നിർത്തി കുലത്തൊഴിലിലേക്ക് മാറി. കുറിച്ചിത്താനം ഏലഞ്ചേരി മാരാത്ത് നാരായണമാരാരെന്ന ഗുരുനാഥൻ നാല് ജീവക്കോലും 64 പൊടിപ്പുമുള്ള ഇടയ്‌ക്ക പത്മനാഭനു നൽകി. ക്ഷേത്രാടിയന്തരകലകൾ തിരുമാറടി ശങ്കരക്കുറുപ്പിൽനിന്നു പഠിച്ചെടുത്തു. പാലാ കുഞ്ഞുണ്ണിമാരാരെന്ന ആദ്യ ഗുരുനാഥന്റെ അനുഗ്രഹത്തിൽ ചെറിയ പഞ്ചവാദ്യത്തിൽ, വീക്കൻ ചെണ്ടയിൽ, ഉത്സവപ്പാണിയിൽ കൊട്ടിപ്പാടിസേവയിൽ ഒക്കെ കൈതെളിയിച്ചു. കേരളത്തിൽ തന്റെ കുലത്തൊഴിലിൽ ഏറ്റവും കാലം പിന്നിട്ട കൊട്ടുകാരണവർ എന്ന പെരുമയോടെയാണു പത്മനാഭ മാരാർ വിടവാങ്ങുന്നത്.

അതിരാവിലെ അമ്പലക്കുളത്തിലെ കുളിയും പിന്നെ രാമസേവയുമാണു തന്റെ ആരോഗ്യ രഹസ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവസാനകാലത്തു കേഴ്‌വി മാത്രം അൽപം കുറവുണ്ടായിരുന്ന അദ്ദേഹം ഇന്ത്യയിലെ ഒട്ടുമിക്ക രാമക്ഷേത്രങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഒപ്പം ഹിമാലയവും. തൊണ്ണൂറു പ്രാവശ്യം ശബരിമല ദർശനത്തിനും പോയി. കോട്ടയത്തെ കൊണ്ടാട്, കൂടപ്പുലം മേതിരി ക്ഷേത്രോത്സവങ്ങളിൽ ചെറിയ പഞ്ചവാദ്യപ്പന്തികളിൽ അണി ചേർന്നതല്ലാതെ പത്മനാഭമാരാർ കേരളത്തിന്റെ പൂരവേല ഉത്സവങ്ങൾ ഒരിക്കലും കൊട്ടിഘോഷിച്ചില്ല.

‘സംഗീതത്തിനു വലിപ്പചെറുപ്പമില്ല, പാടാൻ തുടങ്ങുമ്പോൾ പ്രായത്തിന്റെ അവശതകളുമില്ല. എല്ലാം മറന്ന് ഈശ്വരനിൽ ലയിച്ചുനിന്നു പാടണം. ശരീരസുഖം തനിയെയുണ്ടാകും.’ – എറണാകുളം ജനറൽ ആശുപത്രിയിൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ച സംഗീത സാന്ത്വന പരിപാടി ഉദ്‌ഘാടനം ചെയ്യവേ പത്മനാഭ മാരാർ പറഞ്ഞ വാക്കുകളിൽ അദ്ദേഹത്തിന്റെ ‘നൂറ്റാണ്ടുപുണ്യ’ത്തിന്റെ ഉത്തരമുണ്ടായിരുന്നു.

രണ്ടാമത്തെ മകൻ നാരായണമാരാരുടെ മകൻ സുമേഷ് മാരാർക്കു രാമപുരം ശ്രീരാമക്ഷേത്രാടിയന്തരം കൈമാറിയെങ്കിലും അപൂർവാടിയന്തരാവസരങ്ങളിൽ അദ്ദേഹം രാമസോപാനത്തിൽ പലപ്പോഴും കൊട്ടിപ്പാടാനെത്തി. 2014 ൽ കേരള സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. ചോറ്റാനിക്കര നാരായണമാരാർ ട്രസ്റ്റിന്റെ ശാരദശ്ശത പുരസ്‌കാരം, ചേരാനെല്ലൂർ ക്ഷേത്രവാദ്യ ഗുരുകുലം, രാമമംഗലം ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാവേദി, കോഴിക്കോട് കൊമ്മേരി വളയനാട് ദേവസ്വത്തിന്റെ ശക്തിസ്വരൂപിണി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വെളുപ്പിനു നാലിനു ശംഖുവിളിയും തുടർന്ന് ഇടയ്‌ക്ക കൊട്ടി ശ്രീരാമസ്‌തുതിഗീതങ്ങളുടെ ആലാപനവും നടത്തുന്ന മാരാർ രാമപുരത്തെ തലമുറകൾക്കു നിറവുള്ള ഓർമയാണ്.

വൈകിട്ട് ദീപാരാധനയോടൊപ്പവും ഇടയ്‌ക്ക കൊട്ടി പാട്ടും ശംഖുമായി ക്ഷേത്രത്തളത്തിൽ മാരാർ പിന്നിട്ടത് ഒരു നൂറ്റാണ്ടാണ്. ഒരേ സ്ഥാപനത്തിൽ നൂറു വർഷത്തിലേറെയായി ജോലി ചെയ്യുന്നു എന്ന റെക്കോർഡിന് ഉടമയും ഒരു പക്ഷേ പത്മനാഭ മാരാരാകും. എന്നാൽ ജനന സർട്ടിഫിക്കറ്റോ ക്ഷേത്രത്തിൽ നിന്നുള്ള ആധികാരിക രേഖകളോ ഇല്ലാത്തതുകൊണ്ടു മാത്രം അദ്ദേഹത്തിനു നഷ്ടമായത് അതിലെ ലോക റെക്കോർഡാണ്. പിതാവ് ശങ്കരമാരാരും രാമപുരം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു.