സർക്കാരിന് തെറ്റുപറ്റിയിട്ടില്ല, എല്ലാവരും പിന്തുണച്ചു: ബില്ലിൽ ഉറച്ച് മന്ത്രി ബാലൻ

തിരുവനന്തപുരം∙ കണ്ണൂര്‍, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർഥി പ്രവേശനത്തിനുളള ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു തെറ്റുപറ്റിയിട്ടില്ലെന്നു നിയമമന്ത്രി എ.കെ ബാലന്‍. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണു ബില്‍ പാസാക്കിയത്. ബില്‍ ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ബില്‍ അയയ്ക്കാനുളള നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഓര്‍ഡിനന്‍സിലും തെറ്റു സംഭവിച്ചിട്ടില്ലെന്ന് ബാലൻ വ്യക്തമാക്കി. തെറ്റുണ്ടെങ്കില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുമായിരുന്നു. വിദ്യാര്‍ഥികളുടെ ഭാവിയാണു സര്‍ക്കാര്‍ നോക്കിയതെന്നും കോണ്‍ഗ്രസും ബിജെപിയും ഇതിന് അനുകൂലമായിരുന്നുവെന്നും എ.കെ. ബാലന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെയാണെന്നാണ് സൂചനകൾ. അനുമതിക്കായി ബില്‍ ഇന്നു ഗവര്‍ണര്‍ക്ക് അയയ്ക്കും. നിയമ വകുപ്പ് ബില്‍ മുഖ്യമന്ത്രിയുടെ ഒാഫിസിനു കൈമാറി. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം സുപ്രീംകോടതി വിധിയും നിയമവശങ്ങളും ചര്‍ച്ച ചെയ്യും.

ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറിയാണു ബിൽ ഗവര്‍ണര്‍ക്കു നല്‍കേണ്ടത്. കരുണ, കണ്ണൂര്‍ ഒാര്‍ഡിനൻസ് സംബന്ധിച്ചു വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരുന്ന അഡിഷണല്‍ ചീഫ് സെക്രട്ടറി ബിൽ സംബന്ധിച്ചും തന്റെ നിലപാടു രേഖപ്പെടുത്തിയശേഷം ഗവര്‍ണ്ണര്‍ക്കു കൈമാറാനാണു സാധ്യത. അതേസമയം, മന്ത്രിസഭാ യോഗം പ്രശ്നത്തിന്റെ വിവിധ വശങ്ങള്‍ പരിഗണിക്കും.