എ.ഹേമചന്ദ്രനെ മാറ്റി; കെഎസ്ആര്‍ടിസിയുടെ ചുമതല ടോമിൻ തച്ചങ്കരിക്ക്

ടോമിൻ ജെ.തച്ചങ്കരി

തിരുവനന്തപുരം ∙ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയുടെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് എ.ഹേമചന്ദ്രനെ മാറ്റി. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ.തച്ചങ്കരിക്കാണു പകരം ചുമതല. തച്ചങ്കരിയെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപിയായി നിയമിക്കാനും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ ചുമതല നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എ.ഹേമചന്ദ്രനെ ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറലായി മാറ്റി നിയമിക്കും.

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കും

പരിയാരം മെഡിക്കല്‍ കോളജും അതോടനുബന്ധിച്ച കേരള കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച കരട് ബില്ലിനു മന്ത്രിസഭ അംഗീകാരം നല്‍കി. വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്കു മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളജ് കൊണ്ടുവരുന്നതിനുമാണു നീക്കം.

ആശുപത്രി കോംപ്ലക്സും അക്കാദമിയും നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഏറ്റെടുക്കണമെന്നു ബന്ധപ്പെട്ട സൊസൈറ്റി സര്‍ക്കാരിനോട് അഭ്യർഥിച്ചിരുന്നു. 1997ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഭരണനിയന്ത്രണം സൊസൈറ്റിക്കു കൈമാറി.

മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കോളജും ആശുപത്രിയും ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണു നടപടികള്‍ തുടങ്ങിയത്. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളിലും കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്.വാരിയര്‍ ആയുര്‍വേദ കോളേജിലും ആയുര്‍വേദ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് അനുവദിക്കും.

ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം

മില്‍മയിലെ ജീവനക്കാര്‍ക്ക് 2016 ജൂലൈ മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഓട്ടോകാസ്റ്റ് ലിമിറ്റഡിന്‍റെ പ്രവര്‍ത്തന മൂലധനത്തിനായി 10 കോടി രൂപ ബാങ്ക് വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്‍റി നല്‍കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് അംഗങ്ങളും നഗരസഭ അംഗങ്ങളും സ്ഥാനമേറ്റ തീയതി മുതല്‍ 15 മാസത്തിനകം ആസ്തിബാധ്യതകളുടെ കണക്ക് സമര്‍പ്പിക്കണമെന്ന പഞ്ചായത്ത് രാജ് ആക്ടിലേയും കേരള മുനിസിപ്പാലിറ്റി ആക്ടിലേയും വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

15 മാസത്തെ സമയപരിധി 30 മാസമാക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. നിശ്ചിത സമയത്തിനകം സ്വത്തുവിവരം സമര്‍പ്പിക്കാന്‍ കഴിയാത്ത നിരവധി അംഗങ്ങള്‍ അയോഗ്യരാകുന്നത് ഒഴിവാക്കാനാണു നിയമഭേദഗതി.