ഒളിംപിക്സ് ഭാരോദ്വഹനം: ഡോപിങ് ആശങ്കയിൽ ഇന്ത്യ, പ്രവേശനം നാലു പേർക്കു മാത്രം

ലണ്ടൻ∙ മരുന്നടി (ഡോപിങ്) വിവാദത്തിൽപ്പെട്ട രാജ്യങ്ങളെ 2020 ലെ ടോക്കിയോ ഒളിംപിക്സിൽനിന്നു വിലക്കാൻ തീരുമാനം. ഗെയിംസിലെ ഭാരോദ്വഹനത്തിൽ ഇന്ത്യ ഉൾപ്പെടെയുളള ചില രാജ്യങ്ങളിൽനിന്നുള്ള പ്രാതിനിധ്യം കേവലം നാലുപേർക്കു മാത്രമായി ചുരുങ്ങുമെന്നാണ് സൂചന. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് രാജ്യാന്തര വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷനെ (ഐഡബ്ല്യുഎഫ്) ഉദ്ധരിച്ചു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2008 മുതൽ 2020 വരെ ഇരുപതോ അതിലധികമോ ഡോപിങ് ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളെ വിലക്കാനാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി ഇരുപതോ അതിലധികമോ ഡോപിങ് ക്രമക്കേടുള്ള രാജ്യങ്ങളിൽനിന്ന് ഒരു പുരുഷനെയും ഒരു വനിതയെയും മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. ഇതോടെ, ടോക്കിയോ ഒളിംപിക്സിൽ റഷ്യ, കസാഖിസ്ഥാൻ, അസർബൈജാന്‍, അർമേനിയ, ബെലാറസ് എന്നീ രാജ്യങ്ങളിൽനിന്ന് രണ്ടു പേർക്കു മാത്രമേ പങ്കെടുക്കാനാകൂ.

ഇക്കാലയളവിൽ 10–19 ഡോപിങ് ക്രമക്കേടുകൾ വരുന്ന രാജ്യങ്ങളിൽനിന്ന് രണ്ടു വീതം പുരുഷൻമാർക്കും സ്ത്രീകൾക്കും മാത്രമേ പങ്കെടുക്കാൻ അനുവാദമുണ്ടാകുകയുള്ളൂ. ഈ പട്ടികയിലാണ് ഇന്ത്യയും വരുന്നത്. ബൾഗേറിയയും ഇറാനും തുടങ്ങി ഒൻപതു രാജ്യങ്ങളും പട്ടികയിലുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ അഞ്ച് സ്വർണം നേടിയ രാജ്യങ്ങളാണ് ഇവയെല്ലാം. 2008–2020 കാലയളവിൽ ഡോപിങ് ക്രമക്കേടുകൾ 10 എണ്ണത്തിൽ താഴെയാണെങ്കിൽ ആ രാജ്യത്തിന് എട്ടുപേരെ ഒളിംപിക്സിൽ പങ്കെടുപ്പിക്കാം.

ഒളിംപിക്സിൽനിന്ന് വിലക്കുന്നതു കൂടാതെ, 2020 ഏപ്രിലിനു മുൻപ് ഇനിയും ഡോപിങ് ക്രമക്കേടുകൾ വരുത്തിയാൽ ആ രാജ്യങ്ങളിൽനിന്നു പിഴയീടാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളും ഐഡബ്ല്യുഎഫ് എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, പുതിയ തീരുമാനത്തിന് വ്യാപകമായ പിന്തുണയും ലഭിച്ചിട്ടുണ്ട്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും (ഐഒസി) തീരുമാനത്തെ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.