ഇനി എല്ലാം ‘കണ്ണിൽ’ പതിയും‍; ലോക്കപ്പ് മുറികളില്‍ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനം

തിരുവനന്തപുരം∙ കസ്റ്റഡി മരണങ്ങളുടെ പേരില്‍ പൊലീസ് പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ സ്റ്റേഷനുകളിലെ ലോക്കപ്പ് റൂമുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം. 471 സ്റ്റേഷനുകളിലെ ലോക്കപ്പ് റൂമുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് നീക്കം. രണ്ടു ദിവസത്തിനകം ക്യാമറ സ്ഥാപിക്കണമെന്നും ഈ മാസം 16നകം പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിജിപി നിര്‍ദേശിച്ചു. സംസ്ഥാനത്തൊകെ 527 സ്റ്റേഷനുകളാണുള്ളത്. വനിതകള്‍ മാത്രമുള്ള എട്ടു സ്റ്റേഷനുണ്ട്.

സ്റ്റേഷന്‍ ഓഫിസര്‍മാര്‍ ലോക്കപ്പില്‍ സ്ഥാപിക്കാനുള്ള ക്യാമറ വാങ്ങിയശേഷം ചെലവായ തുക ജില്ലാ പൊലീസ് മേധാവിയെ അറിയിക്കാനാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹാര്‍ഡ് ഡിസ്ക് നിറയുമ്പോള്‍ ദൃശ്യങ്ങള്‍ സിഡികളിലേക്കു പകര്‍ത്തി സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ 110 സ്റ്റേഷനുകളില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം ലോക്കപ്പിലല്ല, സ്റ്റേഷന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണു സ്ഥാപിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം 279 സ്റ്റേഷനുകളില്‍ കൂടി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്.

110 സ്റ്റേഷനുകളില്‍ ക്യാമറ സ്ഥാപിച്ചത് ഫലപ്രദമാണെന്നു കണ്ടത്തിയതിനെ തുടര്‍ന്നാണ് പുതിയ നടപടി. ഇപ്പോള്‍ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലെ ദൃശ്യങ്ങള്‍ സ്റ്റേഷന്‍ ഓഫിസര്‍ നിശ്ചിത ഇടവേളയില്‍ പരിശോധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ദൃശ്യങ്ങള്‍ സ്റ്റേഷനില്‍ സൂക്ഷിക്കുന്നതിനോടൊപ്പം മേലുദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്ക് അയയ്ക്കാനുമാകും.

ക്യാമറ സ്ഥാപിച്ച സ്റ്റേഷനുകളിലെ പ്രവര്‍ത്തനം മെച്ചമാണെന്ന് ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ‘പുതിയ ക്യാമറകള്‍ വരുന്നതോടെ ലോക്കപ്പ് മര്‍ദനങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ദൃശ്യങ്ങള്‍ ഉള്ളതിനാല്‍ ആരോപണങ്ങളില്‍നിന്ന് പൊലീസിനും ഒഴിവാകാന്‍ കഴിയും ’- ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ‘മനോരമ ഓണ്‍ലൈനി’നോടു പറഞ്ഞു.