മുംബൈയ്ക്കു മേൽ ‘സൂര്യോ’ദയം; അവസാന പന്തിൽ ജയം അടിച്ചെടുത്ത് സൺറൈസേഴ്സ്

വിക്കറ്റു വീഴ്ത്തിയ സൺറൈസേഴ്സ് താരങ്ങളുടെ ആഹ്ലാദം.ചിത്രം: ഐപിഎല്‍ ട്വിറ്റർ

ഹൈദരാബാദ്∙ ഐപിഎല്ലിൽ തുടര്‍ച്ചയായ രണ്ടാം ഹോം മൽസരത്തിലും ജയം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. അവസാന പന്തുവരെ ആവേശം നിറഞ്ഞ മൽസരത്തിൽ മുംബൈ ഇന്ത്യൻസിനെ ഒരു വിക്കറ്റിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ എട്ടു വിക്കറ്റു നഷ്ടത്തിൽ 148 റൺസെടുത്തു. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് മുംബൈയിൽ നിന്ന് അവസാന പന്തിൽ ജയം തട്ടിയെടുക്കുകയായിരുന്നു.

25 പന്തിൽ 32 റൺസെടുത്ത ദീപക് ഹൂഡയുടെ പോരാട്ടമാണു തോൽവിയുടെ വക്കിൽ നിന്ന് സൺറൈസേഴ്സിനെ വിജയവഴിയിലെത്തിച്ചത്. മികച്ച തുടക്കമാണു സണ്‍റൈസേഴ്സ് ഹൈദരാബാദിനു മൽസരത്തിൽ ലഭിച്ചത്. രാജസ്ഥാനെതിരെ അർധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാൻ (28 പന്തിൽ 45) മുംബൈക്കെതിരെയും മികച്ച ബാറ്റിങ് പ്രകടനം നടത്തി. എന്നാൽ അർധസെഞ്ചുറിക്കു മുൻപ് ധവാനെ മുംബൈ വീഴ്ത്തി. 

വൃദ്ധിമാന്‍ സാഹ ( 20 പന്തിൽ 22), കെയ്ൻ വില്യംസൺ ( നാലു പന്തിൽ ആറ്), മനീഷ് പാണ്ഡെ (എട്ടു പന്തിൽ 11), ഷാക്കിബ് അൽഹസൻ (12 പന്തിൽ 12), യൂസഫ് പത്താൻ (14 പന്തിൽ 14), റാഷിദ് ഖാൻ (പൂജ്യം), സിദ്ധാർഥ് കൗൾ (പൂജ്യം), സന്ദീപ് ശർമ (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ സൺറൈസേഴ്സ് താരങ്ങളുടെ സ്കോറുകള്‍. ബില്ലി സ്റ്റാൻലേക്ക് പുറത്താകാതെ നിന്നു.

നാലോവറിൽ നാലു വിക്കറ്റു വീഴ്ത്തിയ മായങ്ക് മാർക്കണ്ഡെയുടെ പ്രകടനമാണ് മുംബൈയെ മൽസരത്തിലേക്കു തിരികെയെത്തിച്ചത്. സാഹ, ധവാൻ, ഷാക്കിബ് തുടങ്ങിയ വമ്പൻമാരെയെല്ലാം ഹൈദരാബാദിൽ കടപുഴക്കിയെറിഞ്ഞത് മാർക്കണ്ഡെയുടെ മാരക ബൗളിങ്ങായിരുന്നു. മുസ്തഫിസുർ റഹ്മാൻ മൂന്നും ജസ്പ്രീത് ബുംമ്ര രണ്ടും വിക്കറ്റു വീഴ്ത്തി സൺറൈസേഴ്സിനെ പ്രതിരോധത്തിലാക്കി.

തിളങ്ങാതെ മുംബൈ ബാറ്റിങ് നിര

11–ാം റൺസിൽ മുംബൈ ക്യാപ്റ്റനെ വീഴ്ത്തി വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ട ഹൈദരാബാദ് കൃത്യമായ ഇടവേളകളിൽ ഇതു തുടർന്നു. ഇതോടെ സമ്മർദ്ദത്തിലായ മുംബൈ കൂറ്റന്‍ സ്കോർ കെട്ടിപ്പടുക്കുന്നതില്‍ നിന്നു പിന്‍വലി‍ഞ്ഞു. അവസാന ഓവറുകളിൽ ബൗണ്ടറികൾ സൃഷ്ടിക്കുന്നതിലും മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു. രോഹിത് ശര്‍മ ( പത്തു പന്തിൽ 11), എവിൻ ലൂയിസ് (17 പന്തിൽ 29), ഇഷാൻ കിഷൻ (ഒന്‍പതു പന്തിൽ ഒന്‍പത്), ക്രുനാൽ പാണ്ഡ്യ ( പത്തു പന്തിൽ 15), കീറൺ പൊള്ളാർഡ് (23 പന്തിൽ 28), സൂര്യ കുമാർ‌ യാദവ് ( 31 പന്തിൽ 28), ബെൻ കട്ടിങ് ( ഒൻപതു പന്തിൽ ഒൻപത്), പ്രദീപ് സങ്‍വാൻ (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ മുംബൈ താരങ്ങളുടെ സ്കോറുകൾ. മാർകണ്ഡെ ( മൂന്നു പന്തില്‍ ആറ്), ജസ്പ്രീത് ബുംമ്ര (അഞ്ചു പന്തിൽ നാല്) എന്നിവർ പുറത്താകാതെ നിന്നു. 

സൺറൈസേഴ്സിനായി സന്ദീപ് ശർമ, ബില്ലി സ്റ്റാൻലേക്ക്, സിദ്ധാർഥ് കൗൾ എന്നിവർ രണ്ടു വിക്കറ്റു വീതവും റാഷിദ് ഖാൻ, ഷാക്കിബ് അൽഹസൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. ഹൈദരാബാദിന്റെ രണ്ടാം ഹോം മൽസരത്തിലും ടോസ് നേടിയ ആതിഥേയര്‍ എതിരാളികളെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ചെന്നൈയ്ക്കെതിരായ മൽസരത്തിൽ പരുക്കേറ്റ് ഗ്രൗണ്ടിൽ വീണ ഹാർദിക് പട്ടേൽ ഇല്ലാതെയാണ് മുംബൈ ഇന്ത്യൻസ് രണ്ടാം മല്‍സരത്തിനു ഇറങ്ങിയത്. പകരക്കാരനായി പ്രദീപ് സാങ്‍വാൻ മുംബൈ ഇന്ത്യൻസ് നിരയിലെത്തി. മിച്ച് മക്‌‍ലനാഗനു പകരം ബെൻ കട്ടിങ്ങും ഇറങ്ങി. ഭുവനേശ്വർ കുമാറിനു പകരക്കാരനായി സന്ദീപ് ശര്‍മയാണ് സൺറൈസേഴ്സ് നിരയിലെത്തിയത്.