നഴ്സുമാരുടെ ശമ്പളം: തൊഴിലാളി യൂണിയനുകളും ‘മുതലാളി’ക്കൊപ്പമെന്നു വിമർശനം

തൃശൂർ∙ തൊഴിലാളി യൂണിയൻ നേതാക്കൾ ആശുപത്രി മാനേജുമെന്റുകളുമായി ഒത്തു കളിച്ചു നഴ്സുമാരുടെ വേതന കരാർ‌ കരടു വിജ്ഞാപനത്തിൽനിന്നും 10,000 രൂപവരെ  വെട്ടിക്കുറക്കാൻ ശ്രമിക്കുകയാണെന്നു യൂണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ. പ്രഖ്യാപിച്ച അലവൻസുകൾ എല്ലാം  നീക്കം ചെയ്യുന്നതാണു പുതിയ നിർദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരടു വിജ്ഞാപനം റദ്ദാക്കാനായി ഹൈക്കോടതിയും സുപ്രീംകോടതിയിലും ആശുപത്രി ഉടമകൾ ഹർജി നൽകിയെങ്കിലും അതു തള്ളുകയും കരടു നടപ്പാക്കാൻ അനുമതി നൽകുകയുമാണു ചെയ്തത്. അതു നടപ്പാക്കാൻ സർക്കാരിനു മുന്നിൽ ഇനി തടസ്സമൊന്നുമില്ല. ട്രേഡ് യൂണിയനുകൾ  അതു തടയുന്നത് എന്തിനാണ്? മിനിമം വേജസ് അഡ്വൈസറി ബോർഡ് നിർദേശങ്ങൾ മാനേജ്മെന്റ് പറയുന്നതു പ്രകാരം തിരുത്തിയത് എന്തിനാണെന്നു തുറന്നു പറയണം.

കരടിൽ പറഞ്ഞിരുന്നതു 50 കിടക്കകൾ വരെയുള്ള ആശുപത്രിയിൽ 20,560ലും നൂറുവരെയുള്ളതിൽ 22,500ലും ശമ്പളം തുടങ്ങണം എന്നാണ്. എന്നാൽ ഇതു  തിരുത്തി നൂറു കിടക്കവരെ 20,000 രൂപ നൽകിയാൽ മതിയെന്നു പറയാൻ ഈ കമ്മിറ്റി ആരാണ്? മൂന്നു കിടക്കകൾ ചേർത്തു ഒരു കിടക്കയായി കണക്കാക്കണമെന്നും അവർ നിർദേശിച്ചിരിക്കുന്നു. സർക്കാർ പോലും ഇതാവശ്യപ്പെട്ടിട്ടില്ല. എന്തിന്റെ പേരിലാണു ആയിരക്കണക്കിനു നഴ്സുമാരുടെ ശമ്പളം മുതലാളിമാർ പറഞ്ഞതുപോലെ തിരുത്തി എഴുതുന്നതെന്നു സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് നേതാക്കൾ വ്യക്തമാക്കണമെന്നും ജാസ്മിൻ ഷാ പറഞ്ഞു. 

സർക്കാർ പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തിലെ ശമ്പള സ്കെയിൽ പൂർണമായും ഉടൻ നടപ്പിലാക്കണമെന്നും കെവിഎം ആശുപത്രി സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് നഴ്സുമാർ പ്രക്ഷോഭം ശക്തമാക്കാൻ  യുഎൻഎ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കരട് വിജ്ഞാപനം അട്ടിമറിക്കുന്ന മിനിമം വേജസ് അഡ്വൈസറി ബോർഡിന്റെ നിലപാടിനെതിരെ വെള്ളിയാഴ്ച ബോർഡ് യോഗം നടക്കുന്ന കൊല്ലം ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലേക്ക് യുഎൻഎയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും.

16 മുതൽ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ആരംഭിക്കും.  24 മുതൽ  പണിമുടക്കുന്ന നഴ്സുമാർ  സെക്രട്ടേറിയേറ്റ് പടിക്കൽ  വിജ്ഞാപനം വരുന്നതു വരെ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ജാസ്മിൻ ഷാ പറഞ്ഞു.