മൂന്നു സ്വർണം, നാലുവീതം വെള്ളി, വെങ്കലം; ഗോൾഡ് കോസ്റ്റിൽ ഇന്ത്യയ്ക്ക് ‘സുവർണ വെള്ളി’

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി 17–ാം സ്വർണം നേടിയ ഗുസ്തി താരം ബജ്റങ് പൂനിയ. (ട്വിറ്റർ ചിത്രം)

ഗോൾ‍ഡ് കോസ്റ്റ് (ഓസ്ട്രേലിയ)∙ യുവതാരം ബജ്റങ് പൂനിയ ഗോദയിൽനിന്നും േനടിയ മൂന്നാം സ്വർണത്തോടെ ഗോൾഡ് കോസ്റ്റിൽ ഇന്ത്യയുടെ സുവർണനേട്ടം പതിനേഴിലെത്തി. പുരുഷൻമാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് ഹരിയാനക്കാരനായ ബജ്റങ് സ്വർണം നേടിയത്. ഗോൾഡ് കോസ്റ്റിൽ ഇന്ന് ഇന്ത്യ നേടുന്ന മൂന്നാം സ്വർണമാണിത്. ഷൂട്ടിങ്ങിൽ തേജസ്വിനി സാവന്ത്, അനീഷ് ഭൻവാല എന്നിവരാണ് ഇന്ന് ഇന്ത്യയ്ക്കായി സ്വർണം നേടിയ മറ്റു താരങ്ങൾ.

ഗോൾ‌ഡ് കോസ്റ്റ് ഗെയിംസിന്റെ ഒൻപതാം ദിനമായ വെള്ളിയാഴ്ച മാത്രം ഇതുവരെ മൂന്നു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 11 മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് വിഭാഗത്തിൽ തേജസ്വിനി സാവന്താണ് ഇന്ന് ഇന്ത്യയ്ക്കായി ഷൂട്ടിങ്ങിൽ ആദ്യ സ്വർണം നേടിയത്. ഇതേ വിഭാഗത്തിൽ ഇന്ത്യയ്ക്കു തന്നെയാണ് വെള്ളി മെഡലും. 457.9 പോയിന്റുമായി സാവന്ത് സ്വർണം നേടിയപ്പോൾ 455.7 പോയിന്റുമായി അൻജും മുദ്ഗിലാണ് വെള്ളി നേടിയത്. പിന്നാലെ പതിനഞ്ചുകാരൻ ഷൂട്ടിങ് താരം അനീഷ് ഭൻവാലയിലൂടെ ഇന്ത്യ 16–ാം സ്വർണം സ്വന്തമാക്കി. 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ വിഭാഗത്തിലാണ് അനീഷ് ഭൻവാല ഇന്ത്യയ്ക്കായി സ്വർണം വെടിവച്ചിട്ടത്.

ഗുസ്തിയിൽനിന്ന് രണ്ടു വെള്ളി മെഡലുകളും ഇന്ന് ഇന്ത്യ സ്വന്തമാക്കി. പുരുഷൻമാരുടെ 97 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മൗസം ഖത്രി, വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പൂജ ധൻഡ എന്നിവരാണ് വെള്ളി നേടിയത്. ടേബിൾ ടെന്നിസ് വനിതാ വിഭാഗം ഡബിൾസിൽ ബത്ര മാനിക–ദാസ് മൗമ സഖ്യവും ഇന്ത്യയ്ക്കായി വെള്ളി നേടി.

വനിതകളുടെ 68 കിലോകഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ദിവ്യ കക്രൺ വെങ്കലം നേടി. പുരുഷൻമാരുടെ 91 കിലോഗ്രാം വിഭാഗം ബോക്സിങ്ങിൽ നമാൻ തൻവാർ, 56 കിലോഗ്രാം വിഭാഗത്തിൽ ഹുസാമുദ്ദീൻ മുഹമ്മദ്, 69 കിലോഗ്രാം വിഭാഗത്തിൽ മനോജ് കുമാർ എന്നിവരും വെങ്കലം നേടി.

ഷൂട്ടിങ്ങിൽ മെഡൽക്കൊയ്ത്ത് തുടരുന്ന ഇന്ത്യ, ഈ ഇനത്തിൽനിന്നു മാത്രം നേടുന്ന ആറാം സ്വർണമാണിത്. ഇതോടെ 17 സ്വർണവും 11 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ 42 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു. 65 സ്വർണവും 49 വെള്ളിയും 51 വെങ്കലവും ഉൾപ്പെടെ 165 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. 30 സ്വർണവും 34 വെള്ളിയും 34 വെങ്കലവുമായി 98 മെഡലുകളോടെ ഇംഗ്ലണ്ട് രണ്ടാമതുണ്ട്.