സ്വർണനേട്ടത്തിൽ കാൽസെഞ്ചുറി; ഗോൾഡ് കോസ്റ്റ് ഇന്ത്യയ്ക്ക് സുവർണതീരം

ഇന്ത്യയ്ക്കായി 25–ാം സ്വർണം നേടിയ ബോക്സിങ് താരം വികാസ് കൃഷ്ണൻ മെഡലുമായി (നടുവിൽ)

ഗോൾഡ് കോസ്റ്റ്∙ ഓസ്ട്രേലിയ ആതിഥ്യം വഹിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ സുവർണനേട്ടത്തിൽ ഇന്ത്യയ്ക്ക് കാൽസെഞ്ചുറി. ഗെയിംസിന്റെ പത്താം ദിനമായ ഇന്നുമാത്രം എട്ടു സ്വർണം സ്വന്തമാക്കിയാണ് ഇന്ത്യയുടെ സുവർണക്കുതിപ്പ്. പുരുഷവിഭാഗം 75 കിലോഗ്രാം ബോക്സിങ്ങിൽ വികാസ് കൃഷ്ണനാണ് ഇന്ത്യയുടെ സ്വർണനേട്ടം 25ൽ എത്തിച്ചത്.

ഇതോടെ, 25 സ്വർണവും 16 വെള്ളിയും 18 വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ മെഡൽനേട്ടം 59 ആയി ഉയർന്നു. പത്താം ദിനമായ ഇന്നു മാത്രം എട്ടു സ്വർണവും മൂന്നു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 16 മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്. ബോക്സിങ്ങിൽനിന്നു മാത്രം ഇന്ത്യ ഇന്ന് മൂന്നു സ്വർണം സ്വന്തമാക്കി. 72 സ്വർണവും 55 വെള്ളിയും 57 വെങ്കലവും ഉൾപ്പെടെ 184 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. 40 സ്വർണവും 38 വെള്ളിയും 40 വെങ്കലവും ഉൾപ്പെടെ 118 മെഡലുകളുമായി ഇംഗ്ലണ്ട് രണ്ടാമതുണ്ട്.

പത്താം ദിനത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടമിങ്ങനെ:

∙ സ്വർണം

നീരജ് ചോപ്ര – പുരുഷവിഭാഗം ജാവലിൻ ത്രോ
ഗൗരവ് സോളങ്കി – പുരുഷവിഭാഗം ബോക്സിങ് 52 കിലോഗ്രാം
വികാസ് കൃഷ്ണൻ – പുരുഷവിഭാഗം ബോക്സിങ് 75 കിലോഗ്രാം
മേരി കോം – വനിതാ വിഭാഗം ബോക്സിങ് 45–48 കിലോഗ്രാം
സഞ്ജീവ് രജ്പുത്ത് – പുരുഷവിഭാഗം 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ
മണിക ബത്ര – വനിതാവിഭാഗം ടേബിൾടെന്നിസ് സിംഗിൾസ്
സുമിത് – പുരുഷവിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തി 125 കിലോഗ്രാം
വിനേഷ് ഫോഗട്ട് – വനിതാവിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തി 50 കിലോഗ്രാം

∙ വെള്ളി

അമിത് ഫംഗൽ – പുരുഷവിഭാഗം ബോക്സിങ് 46–49 കിലോഗ്രാം
മനീഷ് കൗശിക് – പുരുഷവിഭാഗം ബോക്സിങ് 60 കിലോഗ്രാം
ദീപിക പള്ളിക്കൽ–സൗരവ് ഗോഷാൽ – സ്ക്വാഷ് മിക്സഡ് ഡബിൾസ്
സതീഷ് കുമാർ – പുരുഷവിഭാഗം ബോക്സിങ് 91 കിലോഗ്രാം
ശരത് അചന്ത–സത്യൻ ജ്ഞാനശേഖരൻ – പുരുഷവിഭാഗം ടേബിൾ ടെന്നിസ് ഡബിൾസ്

∙ വെങ്കലം

സിക്കി റെഡ്ഡി–അശ്വിനി പൊന്നപ്പ – വനിതാ വിഭാഗം ബാഡ്മിന്റൻ ഡബിൾസ്
ഹർമീത് ദേശായ്–സനിൽ ശങ്കർ – പുരുഷവിഭാഗം ടേബിൾ ടെന്നിസ് ഡബിൾസ്
സോംവീർ – പുരുഷവിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തി 86 കിലോഗ്രാം
സാക്ഷി മാലിക് – വനിതാ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തി 62 കിലോഗ്രാം

മേരി കോം, നിങ്ങളെ നമിക്കാതെ വയ്യ

നോർത്തേൺ അയർലൻഡിന്റെ ക്രിസ്റ്റീന ഒഹാരയെ തോൽപ്പിച്ചാണ് മേരികോം ആദ്യ കോമൺവെൽത്ത് സ്വർണം നേടിയത്. 30–27, 30–27, 29–28, 30–27, 20–27 എന്ന നിലയിലായിരുന്നു മേരി കോമിന്റെ മുന്നേറ്റം. നേരത്തെ, ശ്രീലങ്കയുടെ അനുഷാ ദിൽരുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ കടന്നത്. മുപ്പത്തിയഞ്ചുകാരിയായ മേരി കോം 39 കാരിയായ ദിൽരുക്ഷിയെ 5–0 എന്ന നിലയിലാണ് സെമിയിൽ പരാജയപ്പെടുത്തിയത്. സെമിയിൽ ന്യൂസീലൻ‍ഡിന്റെ അരങ്ങേറ്റതാരം 19 വയസുകാരി ടാസ്മിൻ ബെന്നിയെ പരാജയപ്പെടുത്തിയാണ് ഒഹാര ഫൈനലിലെത്തിയത്.

അഞ്ചു തവണ ലോക ചാംപ്യനും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്. രാജ്യസഭാംഗം കൂടിയാണ് മേരി കോം. വിയറ്റ്നാമിൽ നവംബറിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ തന്റെ അഞ്ചാം ഏഷ്യൻ ചാംപ്യൻഷിപ്പ് സ്വർണനേട്ടം മേരികോം കുറിച്ചത് ഇന്ത്യൻ കായികചരിത്രത്തിലെ തന്നെ വലിയ തിരിച്ചുവരവുകളിൽ ഒന്നായാണ് വിലയിരുത്തപ്പെട്ടത്.

ഇതിനു മൂന്നു മാസത്തിന് ശേഷം ഇന്ത്യൻ ഓപ്പൺ ബോക്സിങ്ങിൽ സ്വർണം നേടിയതോടെ തന്റെ ജയം തുടർക്കഥയാണെന്നും മേരികോം തെളിയിച്ചു. ഇതിനു പിന്നാലെയാണ് കോമൺവെൽത്ത് ഗെയിംസിലും മേരികോം സ്വർണത്തിളക്കമണിയുന്നത്.