സുവർണതീരത്ത് സ്വർണം വാരി ഇന്ത്യ; ഇത് ഗ്ലാസ്കോ ഗെയിംസിനെ വെല്ലുന്ന പ്രകടനം

വനിതാ വിഭാഗം ബാഡ്മിന്റൻ സിംഗിൾസിൽ സ്വർണം നേടിയ സൈന നെഹ്‌വാളും വെള്ളി നേടിയ പി.വി. സിന്ധുവും. (ട്വിറ്റർ ചിത്രം)

ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ) ∙ ‘ഇന്ത്യൻ ഫൈനൽ’ കണ്ട വനിതകളുടെ ബാഡ്മിന്റൻ സിംഗിൾസിൽ സൈന നെഹ്‌വാൾ നേടിയ സ്വർണത്തോടെ ഗോൾഡ് കോസ്റ്റ് ഗെയിംസിൽ ഇന്ത്യൻ സ്വർണവേട്ടയ്ക്കു സമാപനം. റിയോ ഒളിംപിക്സിൽ വെള്ളിമെഡൽ നേടിയ പി.വി. സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സൈനയുടെ സുവർണനേട്ടം. സ്കോർ: 21–18, 23–21.

സ്വർണനേട്ടത്തിൽ ഇന്നലെത്തന്നെ കാൽസെഞ്ചുറി പിന്നിട്ട ഇന്ത്യ, സൈനയുടെ വിജയത്തോടെ സ്വർണവേട്ട ഇരുപത്താറിലെത്തിച്ചു. സൈനയുടെ സ്വർണത്തിനും സിന്ധുവിന്റെ വെള്ളിക്കും പിന്നാലെ അവസാന ദിനം മൂന്നു വെള്ളിയും രണ്ടു വെങ്കലവും നേടിയ ഇന്ത്യ ആകെ മെഡൽനേട്ടം 66ൽ എത്തിച്ചു. ആകെ 26 സ്വർണവും 20 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെയാണ് ഇന്ത്യ 66 മെഡലുകൾ സ്വന്തമാക്കിയത്.

സ്വർണനേട്ടത്തിൽ 2014ലെ ഗ്ലാസ്കോ ഗെയിംസിനെ വെല്ലുന്ന പ്രകടനം നടത്തിയാണ് ഇക്കുറി ഗോൾഡ് കോസ്റ്റിൽനിന്ന് ഇന്ത്യൻ ടീമിന്റെ മടക്കം. ഗ്ലാസ്കോയിൽ 15 സ്വർണം മാത്രം നേടിയ സ്ഥാനത്താണ് ഇക്കുറി സ്വർണമെഡലുകൾ മാത്രം 11 എണ്ണം കൂടുതൽ നേടിക്കൊണ്ടുള്ള ഇന്ത്യയുടെ അഭിമാനം പ്രകടനം. അവിടെ 30 വെള്ളിയും 19 വെങ്കലവും നേടിയ ഇന്ത്യ മൊത്തം 64 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു. അതാണ് ഇക്കുറി 66 മെഡലുകളോടെ മൂന്നാം സ്ഥാനമാക്കി പരിഷ്കരിച്ചിരിക്കുന്നത്.

80 സ്വർണവും 59 വെള്ളിയും 59 വെങ്കലവും ഉൾപ്പെടെ 198 മെഡലുകൾ നേടിയ ആതിഥേയരായ ഓസ്ട്രേലിയയാണ് മെഡൽപ്പട്ടികയിൽ ഒന്നാമത്. 45 സ്വർണവും അത്രതന്ന വെള്ളിയും 46 വെങ്കലവും നേടിയ ഇംഗ്ലണ്ട് 136 മെഡലുകളുമായി രണ്ടാം സ്ഥാനത്തെത്തി. 15 സ്വർണവും 40 വെള്ളിയും 27 വെങ്കലവും ഉൾപ്പെടെ 82 മെഡലുകൾ നേടിയ കാനഡ നാലാം സ്ഥാനവും 15 സ്വർണവും 16 വെള്ളിയും 15 വെങ്കലവും ഉൾപ്പെടെ 46 മെഡലുകൾന േടിയ ന്യൂസീലൻഡ് അഞ്ചാം സ്ഥാനവും നേടി.

അവസാന ദിനം ഇന്ത്യയുടെ മെഡൽ നേട്ടമിങ്ങനെ

∙ സ്വർണം

സൈന നെഹ്‌വാൾ – വനിതാവിഭാഗം ബാഡ്മിന്റൻ സിംഗിൾസ്

∙ വെള്ളി

പി.വി. സിന്ധു – വനിതാ വിഭാഗം ബാഡ്മിന്റൻ സിംഗിൾസ്
കിഡംബി ശ്രീകാന്ത് – പുരുഷവിഭാഗം ബാഡ്മിന്റൻ സിംഗിൾസ്
സാത്‌വിക് രംഗിറെഡ്ഡി–ചിരാഗ് ഷെട്ടി – പുരുഷവിഭാഗം ബാഡ്മിന്റൻ ഡബിൾസ്
ജോഷ്ന ചിന്നപ്പ–ദീപിക പള്ളിക്കൽ – വനിതാവിഭാഗം സ്ക്വാഷ് ഡബിൾസ്

∙ വെങ്കലം

അജാന്ത ശരത് – പുരുഷവിഭാഗം ടേബിൾ ടെന്നിസ് സിംഗിൾസ്
സത്യൻ ജ്ഞാനശേഖരൻ–മണിക ബാത്ര – ടേബിൾ ടെന്നിസ് മിക്സഡ് ഡബിൾസ്