ക്യൂബയില്‍ കാസ്ട്രോ യുഗത്തിനു അന്ത്യം: മിഗ്വേല്‍ ഡയസ് അധികാരത്തിലേറും

റൗൾ കാസ്ട്രോയും മിഗ്വേല്‍ ഡയസ്–കനാലും

ഹവാന∙ ക്യൂബയില്‍ കാസ്ട്രോ യുഗത്തിന് ഔപചാരിക പരിസമാപ്തി കുറിച്ചുകൊണ്ട് പ്രസിഡന്റ് പദവിയില്‍ റൗള്‍ കാസ്ട്രോയുടെ പിന്‍ഗാമിയായി വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡയസ്–കനാലിനെ പാര്‍ലമെന്റ് നാമനിര്‍ദേശം ചെയ്തു. അറുപത് വർഷം നീണ്ട കാസ്ട്രോ കുടുംബത്തിന്റെ ഭരണത്തിനാണ് ഇതോടെ ക്യൂബയിൽ പരിസമാപ്തിയാകുന്നത്. ബുധനാഴ്ച ചേർന്ന 605 അംഗ സ്റ്റേറ്റ് അസംബ്ലി, കൗൺസിൽ ഓഫ് സ്റ്റേറ്റിനെ തിരഞ്ഞെടുക്കുന്നതിനായി വോട്ടു രേഖപ്പെടുത്തി. ഔദ്യോഗികമായി തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റൗൾ കാസ്ട്രോയുടെ അടുത്ത അനുയായിയായ ഡയസ് കനാൽ തന്നെ അധികാരത്തിലേറുമെന്ന കാര്യം ഉറപ്പാണ്.

ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ മേധാവിയായി റൗൾ കാസ്ട്രോ തന്നെ ഇനിയും തുടരും. ഭരണഘടന പ്രകാരം രാഷ്ട്രത്തെയും സമൂഹത്തെയും നയിക്കുന്ന ശക്തി ഇനിയും കാസ്ട്രോയായിരിക്കും. സാമ്പത്തിക മരവിപ്പ്, ജനസംഖ്യാ പ്രശ്നങ്ങൾ, യുവാക്കൾക്കിടയിലെ ആശങ്കകൾ എന്നിവ കൂടി വരുന്ന ക്യൂബയിൽ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണണം മാറ്റം കൊണ്ടുവരുമെന്നാണു പ്രതീക്ഷ.

വിപ്ലവത്തിനുശേഷം ആദ്യമായാണ് കാസ്ട്രോ കുടുംബത്തിന് പുറത്തുനിന്നൊരാള്‍ ക്യൂബയെ നയിക്കാനെത്തുന്നത്. യങ് കമ്യൂണിസ്റ്റ് ലീഗ് അംഗമായി പാര്‍ട്ടിയിലെത്തിയ ഡയസ് 2013–ലാണ് വൈസ് പ്രസിഡന്റായി നിയമിതനായത്. 1959ലെ വിപ്ലവത്തിനു ശേഷം ജനിച്ച് അധികാരത്തിലെത്തുന്ന ആദ്യ വ്യക്തി, അറുപതു വർഷത്തിൽ ആദ്യമായി അധികാരത്തിലെത്തുന്ന കാസ്ട്രോ നാമധാരിയല്ലാത്ത ഒരാൾ എന്നീ നേട്ടങ്ങളും സ്ഥാനനേട്ടത്തോടെ ഡയസ് കനാലിന്റെ പേരിലാകും.

2006ലാണ് ഫിദൽ കാസ്ട്രോയിൽ നിന്ന് റൗൾ ക്യൂബയുടെ ഭരണം ഏറ്റെടുക്കുന്നത്. വർഷങ്ങളായി അമേരിക്കയുമായി ശത്രുത പാലിക്കുന്ന ക്യൂബ 2015ൽ അവരുമായുള്ള നയതന്ത്ര കരാറുകൾ പുതുക്കിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം പ്രസിഡന്റായിരുന്ന ബറാക് ഒബാമ ക്യൂബ സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സൗഹൃദ ശ്രമങ്ങൾക്കു വീണ്ടും വിള്ളൽ വീണു.