നരോദ പാട്യ കൂട്ടക്കൊല: ബിജെപി മുൻ മന്ത്രി മായാ കോദ്നാനി കുറ്റവിമുക്ത

മായാ കോദ്നാനി (ഫയൽ ചിത്രം)

ന്യൂഡൽഹി∙ നരോദ പാട്യ കൂട്ടക്കൊലക്കേസിനു നേതൃത്വം നൽകിയെന്ന കേസിൽ വിചാരണ നേരിട്ട മുൻ ഗുജറാത്ത് മന്ത്രി  മായാ കോദ്‌നാനിയെ ഹൈക്കോടതി കുറ്റവിമുക്തയാക്കി. അതേസമയം മറ്റൊരു പ്രതിയായ ബജ്‌രംഗ് ദൾ നേതാവ് ബാബു ബജ്റംഗി കുറ്റക്കാരനാണെന്നു കോടതി വിധിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ 97 പേർ കൊല്ലപ്പെട്ട സംഭവമാണു നരോദ പാട്യ കേസ്. ഗോധ്‌രയിൽ 59 കർസേവകർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് അഹമ്മദാബാദിനു സമീപം നരോദ പാട്യയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.

കോദ്നാനിയാണ് കലാപത്തിന് ആഹ്വാനം ചെയ്തതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടു 11 പേർ സാക്ഷിമൊഴി നൽകി. കലാപകാരികൾക്കു കോദ്നാനി ആയുധങ്ങൾ നൽകുന്നതു കണ്ടെന്നും പിസ്റ്റൾ ഉപയോഗിച്ചു വെടിവച്ചെന്നുമായിരുന്നു മൊഴികൾ. വിചാരണ കോടതി സംഭവത്തിൽ കോദ്നാനി കുറ്റക്കാരിയാണെന്നും കണ്ടെത്തി.

എന്നാൽ കലാപവുമായി ബന്ധപ്പെട്ട കേസ് റജിസ്റ്റർ ചെയ്തപ്പോൾ ആരും തന്നെ മൊഴി നൽകിയില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു. ക്രിമിനൽ ഗൂഢാലോചനയിൽ കോദ്നാനി പങ്കെടുത്തെന്നു തെളിയിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു. എന്നാൽ ഗൂഢാലോചനയിൽ ബാബു ബജ്‌രംഗി പങ്കെടുത്തതായി തെളിഞ്ഞിട്ടുണ്ട്. ജസ്റ്റിസുമാരായ ഹർഷ ദേവാനി, എ.എസ്.സുപേഹിയ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണു കോദ്നാനിയെ കുറ്റവിമുക്തയാക്കിയത്. 

2012 ഓഗസ്റ്റിൽ കോദ്‌നാനിക്ക് ഉൾപ്പെടെ 32 പേർക്ക് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 28 വർഷത്തെ തടവുശിക്ഷയായിരുന്നു കോദ്നാനിക്കു വിധിച്ചത്. ബാബുവിനു മരണം വരെ ജീവപര്യന്തവും. (ഇതു പിന്നീട് 21 വർഷത്തെ കഠിനതടവായി ഹൈക്കോടതി ചുരുക്കി). ഏഴു പേർക്ക് 31 വർഷത്തെ തടവു ശിക്ഷയും. 22 പേർക്ക് 24 വർഷത്തെ തടവു ശിക്ഷയുമാണു വിധിച്ചത്. 29 പേരെ വിട്ടയയ്ക്കുകയും ചെയ്തു. രണ്ടുവർഷത്തെ ജയിൽവാസത്തിനുശേഷം 2014 ജൂലൈയിൽ കോദ്നാനി ഹൈക്കോടതിയിൽനിന്നു ജാമ്യം നേടി. ബാബുവാകട്ടെ ജയിലിൽ തുടരുകയാണ്.

സാക്ഷി പറഞ്ഞ് അമിത് ഷാ

നരോദ ഗാം കൂട്ടക്കൊലക്കേസിൽ കോദ്നാനിക്ക് അനുകൂലമായി പ്രത്യേക വിചാരണക്കോടതിയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മൊഴി നൽകിയിരുന്നു. കലാപം നടന്ന ഫെബ്രുവരി 28നു രാവിലെ നിയമസഭയിലും പിന്നീടു സിവിൽ ആശുപത്രിയിലും അവരുടെ ഒപ്പമുണ്ടായിരുന്നതായും എന്നാൽ പിന്നീട് അവർ എങ്ങോട്ടുപോയെന്ന് അറിയില്ലെന്നുമായിരുന്നു ഷായുടെ മൊഴി.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ കേസ് പരിഗണിക്കുമ്പോഴായിരുന്നു അത്. നിയമസഭയിൽനിന്ന് ആശുപത്രിയിലെത്തുന്ന കോദ്‌നാനി അവർ എവിടെയായിരുന്നെന്നോ എത്ര മണിക്കാണ് ആശുപത്രിയിലെത്തിയതെന്നോ അറിയില്ലെന്നും ഷാ അന്നു വ്യക്തമാക്കി.

മാറിയത് മൂന്നു ജഡ്ജിമാർ

2002ൽ നരോദ ഗാമിൽ നടന്ന കൂട്ടക്കൊലക്കേസിലെ പ്രത്യേക കോടതി ജഡ്ജി പി.ബി.ദേശായി ഇക്കഴിഞ്ഞ ഡിസംബറിൽ വിരമിച്ചിരുന്നു. നരോദ കൂട്ടക്കൊലക്കേസ് വിചാരണ ചെയ്യുന്ന മൂന്നാമത്തെ ജഡ്ജിയായിരുന്നു അദ്ദേഹം. നരോദ കേസ് ആദ്യം കേട്ട ജഡ്ജി എസ്.എച്ച്.വോറ ആയിരുന്നു. 2009 മേയ് എട്ടിന് അദ്ദേഹം ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ആയപ്പോൾ ജ്യോത്സന യാഗ്നിക് ചുമതലയേറ്റു. 2013ൽ അവർ വിരമിച്ചതിനെ തുടർന്നാണു ദേശായി പ്രത്യേക ജഡ്ജിയായത്.