റെക്കോർഡുകളുടെ ‘ഉയരങ്ങളിലേക്ക്’ വീണ്ടും മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രു

കൊച്ചി∙ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്ന് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ ഒറ്റദിവസം ഏറ്റുവാങ്ങി സിനിമാതാരം ഗിന്നസ് പക്രു (അജയകുമാർ). ഏറ്റവും ഉയരംകുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സ്വന്തം പേരിൽ സൂക്ഷിക്കുന്ന പക്രു യൂണിവേഴ്‌സൽ റെക്കോർഡ്‌സ് ഫോറം ,  ലിംക ബുക്ക് ഓഫ് റെക്കോർഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ബുക്കുകളിലും സ്വന്തം പേര് എഴുതിച്ചേർത്തു. 

ഏറ്റവും ഉയരംകുറഞ്ഞ സിനിമാ സംവിധായകനെന്ന ഖ്യാതിയാണ് വീണ്ടും റെക്കോർഡ് നേട്ടത്തിലേക്ക് പക്രുവിനെ നയിച്ചത്. 2013ൽ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ തേടി ആദ്യമെത്തിയത് ലിംക ബുക്ക് ഓഫ് റെക്കോർഡാണ്. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ആറു മാസം മുൻപു ലഭിച്ച റെക്കോർഡ് സർട്ടിഫിക്കറ്റ് കലാമണ്ഡലം ഹേമലതയിൽ നിന്നു പക്രു ഏറ്റുവാങ്ങി. യൂണിവേഴ്‌സൽ റെക്കോർഡ്‌സ് ഫോറത്തിന്റെ ചീഫ് എഡിറ്ററും ഏഷ്യൻ ജൂറിയുമായ ഡോ. ഗിന്നസ് സുനിൽ ജോസഫാണ് യുആർഎഫ് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറിയത്. 

ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് പ്രതിനിധി ടോളി ബെസ്റ്റ് ഓഫ് ഇന്ത്യ സർട്ടിഫിക്കറ്റ് പക്രുവിന് കൈമാറി. ശാരീരിക വൈകല്യങ്ങളിൽ തളച്ചിടാതെ ജീവിതത്തിൽ മുന്നേറുവാനുള്ള പ്രചോദനമായി തന്റെ നേട്ടം മാറുമെന്നാണ് പ്രതീക്ഷയെന്ന് ഗിന്നസ് പക്രു പറഞ്ഞു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ‘ഇളയരാജ’യിലൂടെ ഒരിക്കൽകൂടി നായകനാകുവാനുള്ള തയാറെടുപ്പിലാണ് ഗിന്നസ് പക്രു. 27നു സിനിമയുടെ ചിത്രീകരണം തൃശൂരിൽ ആരംഭിക്കും.