കൊല്ലം ജെട്ടിയിൽനിന്നു സർവീസ് നടത്തുന്ന ബോട്ടുകൾ മിന്നൽ പണിമുടക്കിൽ

കൊല്ലം∙ കൊല്ലം ജെട്ടിയിൽനിന്നു സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. ഇന്നലെ കാവനാട്ടു വച്ചു സർവീസ് നടത്തുന്ന ബോട്ടിലെ ജീവനക്കാരെ സാമൂഹിക വിരുദ്ധർ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണു പണിമുടക്ക്. രാവിലെ മുതൽ കൊല്ലം ജെട്ടിയിൽനിന്നു സർവീസ് നടത്തുന്ന അഞ്ചു ബോട്ടുകളിൽ നാലും സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ആലപ്പുഴയ്ക്കുള്ള സർവീസ് മാത്രമാണു നടത്തിയത്.

ഇന്നലെ വൈകിട്ട് ആറോടെ കാവനാട് ഫെറി – സാമ്പ്രാണിക്കൊടി – വള്ളക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് കാവനാട് ഫെറിയിൽ വച്ച് ഒരു കൂട്ടം സാമൂഹിക വിരുദ്ധർ ആക്രമിച്ചതായി ജീവനക്കാർ പറയുന്നു. അക്രമത്തിൽ അഞ്ചു ബോട്ട് ജീവനക്കാര്‍ക്കു പരുക്കേറ്റു. ഇതിൽ രണ്ടു പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും ഇവർ പറഞ്ഞു.