ഷുഹൈബ് വധം: പ്രതിഛായ നന്നാക്കാൻ  കണ്ണൂരിൽ മാപ്പിള കലാമേളയുമായി സിപിഎം 

കണ്ണൂർ∙ സിപിഎമ്മിന്റെ സ്വന്തം ‘മാപ്പിള കലോത്സവ’ത്തിനു കണ്ണൂരിൽ വേദിയൊരുങ്ങുന്നു. നഗരത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കണ്ണൂർ സിറ്റിയിൽ മേയ് ആറു മുതൽ 10 വരെ എൻ‌.അബ്ദുല്ല കൾച്ചറൽ ഫോറത്തിന്റെയും മർഹബ സാംസ്കാരിക സമിതിയുടെ നേതൃത്ത്വത്തിലാണു സിറ്റി ഫെസ്റ്റ് എന്ന പേരിൽ മുസ്‌ലിം കലാമേള സംഘടിപ്പിക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം.ഷാജർ ആണു മേളയുടെ സംഘാടക സമിതി ജനറൽ കൺവീനർ.

സിപിഎം നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന 18 മുസ്‌ലിം സാംസ്കാരിക സംഘടനകളിലൊന്നാണ് എൻ. അബ്ദുല്ല കൾച്ചറൽ ഫോറം. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ കണ്ണൂർ സിറ്റിയിൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഏതാനും വർഷമായി നോമ്പുതുറ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്ര വിപുലമായ കലോത്സവം ആദ്യമാണ്. സിറ്റിയിലെ മാപ്പിളബേയിലാണു കലാമേളയുടെ മുഖ്യവേദി ഒരുക്കുന്നത്. മേയ് ആറിനു ഘോഷയാത്രയോടെയാണു തുടക്കം.

ആയിരത്തിലധികം വനിതകൾ അണിനിരക്കുന്ന മെഗാ ഒപ്പന, സജ്‌ല സലീം നയിക്കുന്ന ഗാനമേള, സമീർ ബെൻസി ഇമാം മജ്സൂർ നയിക്കുന്ന സൂഫി സംഗീത നിശ, മുഹമ്മദ് അസ്‌ലം നൈറ്റ്, ഷഹബാസ് അമന്റെ ഗസൽ, സൂഫി ഡാൻസ്, കുക്കറി ഷോ, ഫുഡ് ഫെസ്റ്റ് എന്നിവയ്ക്കു പുറമേ അവിയൽ ബാൻഡിന്റെ സംഗീതപരിപാടി, ബൈക്ക് സ്റ്റണ്ട്, മിനി ഒളിംപിക്സ്, ഹാർളി ഡേവിഡ്സൺ ബൈക്ക് ഷോ തുടങ്ങിയവയുമുണ്ട്. മന്ത്രിമാരും സാംസ്കാരിക നായകരും അതിഥികളായെത്തുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് സിറ്റി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. 
യൂത്ത് കോൺഗ്രസ് നേതാവും എസ്എസ്എഫ് (സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ) പ്രവർത്തകനുമായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തെ തുടർന്ന്, ന്യൂനപക്ഷ വിരുദ്ധപ്രസ്ഥാനമെന്നു സിപിഎമ്മിനെതിരെ രാഷ്ട്രീയ എതിരാളികൾ പ്രചാരണം നടത്തി വരുന്നതിനിടയിലാണു മാപ്പിളകലാമേളയുമായി പാർട്ടിയുടെ പുറപ്പാട്. ഷുഹൈബ് വധം ന്യൂനപക്ഷങ്ങളിൽ പാർട്ടിയോട് അകൽച്ചയുണ്ടാക്കി എന്ന വിമർശനം സിപിഎം സമ്മേളനങ്ങളിലും ഉയർന്നിരുന്നു.