നേട്ടം സ്വകാര്യ കമ്പനികൾക്ക്; റോക്കറ്റ് പോലെ കുതിച്ച് ഇന്ധനവില; ‘ഊറ്റാൻ’ കേരളവും

റോക്കറ്റ് പോലെയാണ് പെട്രോൾ, ഡീസൽ വില ഉയരുന്നത്. ദക്ഷിണേഷ്യയിൽ ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോളിയം ഉൽപന്നങ്ങൾക്കു വില ഈടാക്കുന്നത് ഇന്ത്യയിലാണ്. ഒന്നു പ്രതിഷേധിക്കാൻ പോലും മനസു കാണിക്കാതെ പ്രതിപക്ഷ പാർട്ടികൾ. കേന്ദ്രം എക്സൈസ് ഡ്യൂട്ടി 330 ശതമാനം വരെ ഉയർത്തി. എക്സൈസ് ഡ്യൂട്ടി ഇനത്തിൽ സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നു കഴിഞ്ഞ നാലു വർഷം കൊണ്ട് 4.65 ലക്ഷം കോടി രൂപ അധികമായി ഊറ്റിയെടുത്തു. ഇക്കാലയളവിൽ ക്രൂഡോയിലിന്റെ രാജ്യാന്തര വില കുറഞ്ഞതു വഴി 13 ലക്ഷം കോടി രൂപ ലാഭിച്ചു. സബ്സിഡി വെട്ടിക്കുറച്ചതിലൂടെ 1.97 ലക്ഷം കോടി രൂപ വേറെയും.

അൻപതു രൂപയ്ക്കു താഴെ പെട്രോളും ഡീസലും നൽകുമെന്നു വാഗ്ദാനം നടത്തിയവർ നാലു വർഷം കൊണ്ടു ജനങ്ങളിൽ നിന്ന് 20 ലക്ഷം കോടി രൂപ പിഴിഞ്ഞെടുത്തു. കഴിഞ്ഞ പത്തുവർഷത്തെ രാജ്യത്തിന്റെ പ്രതിരോധ ബജറ്റിനു തുല്യമായ തുകയാണിത്. ഇക്കാലത്തു സ്വകാര്യ മേഖലയിലടക്കം പ്രവർത്തിക്കുന്ന എണ്ണകമ്പനികൾക്കുണ്ടായ നേട്ടത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കോടികളുടെ ലാഭം വേറേയും.

ക്രൂഡോയിൽ വില കുറഞ്ഞു; കേന്ദ്രസർക്കാരിന്റെ ലാഭം 13 ലക്ഷം കോടി രൂപ

ഡോ.മൻമോഹൻ സിങ് മന്ത്രിസഭയുടെ അവസാനകാലത്തു ക്രൂഡോയിൽ വില ലീറ്ററിന് 40 രൂപയ്ക്കു മുകളിലായിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനു ശേഷം ക്രൂഡോയിലിന്റെ രാജ്യാന്തര വില ഗണ്യമായി കുറയാൻ തുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ 2015ൽ വില 20 രൂപയായി കുറഞ്ഞു. 2016 ഫെബ്രുവരിയിൽ എക്കാലത്തെയും കുറഞ്ഞ വിലയായ 11 രൂപയിലെത്തി. 2017 ൽ വീണ്ടും 20 രൂപയിലെത്തി. ഇപ്പോൾ വില 28 രൂപയിൽ എത്തി നിൽക്കുന്നു.

ക്രൂഡോയിൽ രാജ്യാന്തരവിലയിലുള്ള ഇടിവിലൂടെ വൻ വിദേശ നാണ്യം ലാഭിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. 2013–14 കാലത്ത് 8,64,875 കോടി രൂപ ക്രൂഡോയിലിന്റെ ഇറക്കുമതിക്കായി ചെലവഴിച്ചു. 2014–15 ൽ ഇത് 1.78 ലക്ഷം കോടി രൂപ കുറഞ്ഞ് 6,87,416 കോടി രൂപയായി. 2015–16 വർഷം ക്രൂഡോയിൽ ബിൽ 4,16,575 കോടി രൂപയായി കുറഞ്ഞു. 2016–17 ൽ 4,70,251 കോടി രൂപ. 2017–18 ൽ 5,65,000 കോടി രൂപയായി. ക്രൂഡോയിൽ വിലയിലുണ്ടായ ഇടിവു മൂലം കഴിഞ്ഞ നാലു വർഷത്തിനിടയിൽ നരേന്ദ്ര മോദി സർക്കാരിനു ലാഭിക്കാനായത് 13 ലക്ഷം കോടി രൂപ!

ക്രൂഡോയിൽ വില കുറഞ്ഞപ്പോൾ എക്സൈസ് തീരുവ പരിധി വിട്ട് ഉയർത്തി

രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് 2013 സെപ്റ്റംബർ 16നാണ്. ലീറ്ററിന് 46.44 രൂപ. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് എക്സൈസ് തീരുവ ഒരു ലീറ്റർ പെട്രോളിന് 9.48 പൈസ. ഡീസലിന് 3.56 രൂപ മാത്രം. അന്ന് തിരുവനന്തപുരത്തു പെട്രോൾ വില 79.58 രൂപ. ഡീസൽ വില 55.81 രൂപ. അഞ്ചു വർഷത്തിനു ശേഷം കഴിഞ്ഞ ദിവസം തലസ്ഥാനത്തു പെട്രോൾ വില 78.17 രൂപ. ഡീസൽ വില 71.02 രൂപ.

കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ലീറ്ററിന് 28.27 രൂപ മാത്രം. ഇപ്പോൾ എട്ടു രൂപ റോഡ് സെസ് ഉൾപ്പെടെ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് ഈടാക്കുന്നത്. ക്രൂഡോയിൽ വില 2013 നെക്കാൾ 18.17 രൂപ കുറഞ്ഞു നിൽക്കുമ്പോൾ എക്സൈസ് തീരുവ പെട്രോളിനു പത്തു രൂപയും ഡീസലിന് 11.77 രൂപയും അധികമായി വാങ്ങുന്നു. എന്നാൽ ഡീസിലിന് അന്നത്തേക്കാൾ 15.21 രൂപ അധികം നൽകിയാണു ജനങ്ങൾ വാങ്ങുന്നത്.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം എട്ടു തവണ എക്സൈസ് തീരുവ ഉയർത്തി. പെട്രോളിന്റെ എക്സൈസ് തീരുവ 9.48 രൂപയിൽ നിന്ന് 19.48 രൂപയായി ഉയർത്തി. 105 ശതമാനം വർധന. എന്നാൽ ഡീസലിന്റെ തീരുവ 330 ശതമാനമാണു വർധിപ്പിച്ചത്. ഡീസലിന്റെ എക്സൈസ് തീരുവ 3.56 രൂപയിൽ നിന്ന് 15.33 രൂപയിലേക്കു കുതിച്ചുയർന്നു. നാലു വർഷത്തിനിടയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവ ഇനത്തിൽ മാത്രം കേന്ദ്ര സർക്കാരിന്റെ വരുമാനം 230 ശതമാനം വർധിച്ചു. 2013–14 കാലത്ത് ഈ ഇനത്തിൽ ലഭിച്ചത് 77,982 കോടി രൂപയാണെങ്കിൽ 2017–18 വർഷത്തിൽ‌ 2,57,850 കോടി രൂപയായി വർധിച്ചു. നാലു വർഷം കൊണ്ടു കേന്ദ്രസർക്കാരിന് എക്സൈസ് തീരുവയിൽ നിന്ന് 4.65 ലക്ഷം കോടി രൂപ അധികമായി ലഭിച്ചു.

പെട്രോളിയം സബ്സിഡിയിൽ വൻ നേട്ടം

ക്രൂഡോയിലിന്റെ രാജ്യാന്തര വിലയിലുണ്ടായ ഇടിവിലൂടെ സബ്സിഡി ഇനത്തിൽ ജനങ്ങൾക്കു വിതരണം ചെയ്യേണ്ടിയിരുന്ന തുകയിൽ വൻലാഭം കേന്ദ്രസർക്കാരിനു ലഭിച്ചു. 2013–14 വർഷം 85,378 കോടി രൂപയാണു കേന്ദ്ര ഖജനാവിൽ നിന്നു സബ്സിഡിക്കായി ചെലവഴിച്ചത്. 2017–18ൽ ഇത് 25,000 കോടി രൂപയായി കുറഞ്ഞു. മറ്റു വർഷങ്ങളിലെ കണക്ക്. 2014–15– 60,269 കോടി രൂപ, 2015–16 – 29,999 കോടി രൂപ. 2016–17– 29,000 കോടി രൂപ. നാലു വർഷം കൊണ്ടു സർക്കാനു ലാഭിക്കാൻ കഴിഞ്ഞത് 1.97 ലക്ഷം കോടി രൂപ.

സംസ്ഥാന സർക്കാരുകൾക്കും നേരിയ നേട്ടം

പെട്രോളിയം ഉൽപന്നങ്ങളുടെ വില ഗണ്യമായി ഉയർന്നപ്പോൾ കേന്ദ്രസർക്കിന്റെ ഖജനാവിലേക്കു വൻതുക ഒഴുകിയെത്തിയെങ്കിൽ വാറ്റ്, സെയിൽ ടാക്സ് ഇനത്തിൽ നേരിയ നേട്ടം മാത്രമാണു സംസ്ഥാന സർക്കാരുകൾക്കുണ്ടായത്. 2013–14 വർഷത്തിൽ 1,29,045 കോടി രൂപയാണു ലഭിച്ചതെങ്കിൽ 2016–17 ൽ 1,66,378 കോടി രൂപമാത്രമാണു ലഭിച്ചത്. 37,333 കോടി രൂപയുടെ വർധന. 29% വളർച്ച.

കേരളത്തിനു നേട്ടം

വാറ്റ് ഇനത്തിൽ മറ്റു സംസ്ഥാനങ്ങൾക്കു ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട വരുമാനമാണു കേരളത്തിനു ലഭിച്ചത്. 2013–14 വർഷം 4515 കോടി രൂപ ലഭിച്ചപ്പോൾ 2016–17 കാലത്തിത് 6899 കോടിയായി ഉയർന്നു. 53 ശതമാനത്തിന്റെ വർധന കേരളത്തിലുണ്ടായി. രാജ്യത്തു പെട്രോളിനു ഡീസലിനു ഉയർന്ന നിരക്കിൽ വാറ്റ് നിരക്ക് ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഡീസലിനു 25.60 ശതമാനമാണു കേരളത്തിലെ വാറ്റ് നിരക്ക്. ഇതിനു മുകളിൽ വാറ്റ് ഈടാക്കുന്ന രണ്ടു സംസ്ഥാനങ്ങൾ മാത്രമാണുള്ളത്. ആന്ധ്രപ്രദേശും തെലങ്കാനയും.

കേരളത്തിൽ ഡീസലിന്റെ വാറ്റ് നിരക്ക് 25.60 ശതമാനമാണ്. ആന്ധ്രപ്രദേശിൽ 28.60 ശതമാനവും തെലങ്കാനയിൽ 25.93 ശതമാനവും. രാജ്യത്തു കൂടിയ നിരക്കിൽ ഡീസൽ വിൽക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിനു മൂന്നാം സ്ഥാനമാണ്. പെട്രോളിനും കൂടിയ നിരക്കിൽ വാറ്റ് എർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണു കേരളവും. മഹാരാഷ്ട്രയാണു മുന്നിൽ. മുംബൈയിൽ 39.95 ശതമാനവും സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിൽ 38.93 ശതമാനവും വാറ്റിനത്തിൽ ഈടാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടിയ നിരക്കിൽ പെട്രോൾ വിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. കേരളത്തിന് അ‍ഞ്ചാം സ്ഥാനമാണ്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൊതുവെ കുറഞ്ഞ വാറ്റ് നിരക്കാണ് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ ഈ മേഖലകളിൽ പെട്രോളിനും ഡീസലിനും താരതമ്യേന വിലക്കുറവാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആറു ശതമാനം മാത്രമാണു ഡീസലിനും പെട്രോളിനു വാറ്റ്. ഇന്നലെ ആൻഡമാനിൽ പെട്രോൾ വിറ്റത് 63.79 രൂപക്കു ഡീസൽ വിറ്റത് 60.98 രൂപക്കുമാണ്. കേരളത്തിലെ വിലയേക്കാൾ പെട്രോളിന് 14.38 രൂപയും ഡീസലിന് 10.04 രൂപയും ഇവിടെ കുറവാണ്.

പെട്രോൾ, ഡീസൽ വില അകലം കുറയുന്നു

കഴിഞ്ഞ നാലു വർഷത്തെ വില പരിശോധിച്ചാൽ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം കുറഞ്ഞു വരുന്നതായി കാണുന്നു. 2014 ഏപ്രിൽ മാസത്തിൽ പെട്രോൾ – 75.91 രൂപ, ഡീസൽ– 59.56 രൂപ. വ്യത്യാസം: 16.35 രൂപ. 2015 ഏപ്രിൽ– പെട്രോൾ: 67.63 രൂപ, ഡീസൽ:55.27, വ്യത്യാസം: 12.35 രൂപ. 2016 ഏപ്രിൽ– പെട്രോൾ: 70.62 രൂപ, ഡീസൽ: 60.91 രൂപ. വ്യത്യാസം: 9.71 രൂപ. 2018 ഏപ്രിൽ– പെട്രോൾ:78.17 രൂപ, ഡീസൽ: 71.62 രൂപ. വ്യത്യാസം: 7.15 രൂപ.

കേന്ദ്രസർക്കാർ ഡീസലിന് ഈടാക്കുന്ന എക്സൈസ് തീരുവ പെട്രോളിനെക്കാൾ 4.15 രൂപ കുറവായതു കൊണ്ടാണ് ഇപ്പോഴത്തെ വില വ്യത്യാസം നിലനിൽക്കുന്നത്. ഡീസലിന് കേന്ദ്രം എക്സൈസ് തീരുവ കൂട്ടിയാൽ ഡീസൽ വില പെട്രോളിന് ഒപ്പമെത്തും. കൂടാതെ സംസ്ഥാനങ്ങൾ വാറ്റ് നിരക്കിൽ ഡീസലിനോട് അനുഭാവം കാണിച്ചിട്ടുണ്ട്. കേരളത്തിൽ പെട്രോൾ നികുതി 32.02 ശതമാനവും ഡീസൽ നികുതി 25.60 ശതമാനവുമാണ്. സംസ്ഥാനങ്ങൾ ഡീസലിന്റെ വാറ്റ് നിരക്ക് ഉയർത്തിയാലും അന്തരത്തിൽ വീണ്ടും കുറവു വരും.

വില ഉയരുന്നു; പ്രതിഷേധങ്ങൾക്ക് അവധി നൽകി രാഷ്ട്രീയ പാർട്ടികൾ

പെട്രോൾ, ഡീസൽ വില വർധനയ്ക്കു രാഷ്ട്രീയ പാർട്ടികൾ മൗനാനുവാദം നൽകുന്നുണ്ടോ? ഇങ്ങനെ പൊതുസമൂഹം ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്നാണു കണക്കുകൾ പറയുന്നത്. രണ്ടാം യുപിഎ സർക്കാരിന്റെ അവസാന രണ്ടു വർഷക്കാലത്തു ബിജെപിയും ഇടതു പാർട്ടികളും പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയ്ക്കെതിരായി അഞ്ചു ഹർത്താലാണു നടത്തിയത്. എന്നാൽ നരേന്ദ്ര മോദി സർക്കാർ വന്നതിനു ശേഷം എക്സൈസ് തീരുവ എട്ടു പ്രാവശ്യം ഉയർത്തിയിട്ടും വില റോക്കറ്റ് കണക്കെ ഉയർന്നിട്ടും ഒരു രാഷ്ട്രീയ പാർട്ടി പോലും പ്രതികരിച്ചില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ അഞ്ചു സംസ്ഥാന ഹർത്താലുകളാണ് കേരളത്തിൽ നടത്തിയതെന്ന് ഓർക്കണം.

ഏറ്റവും ഉയർന്ന വില ഇന്ത്യയിൽ

സാർക് രാജ്യങ്ങളിൽ ഏറ്റവും സമ്പന്നമായ രാജ്യം ഇന്ത്യയാണ്. എന്നാൽ പെട്രോളിന്റെയും ഡിസലിന്റെ പേരിൽ ജനങ്ങളെ പിഴിയുന്നതിൽ ഒന്നാം സ്ഥാനം നമ്മുടെ രാജ്യത്തിനു തന്നെ. പാക്കിസ്ഥാനിൽ നിന്ന് ഒരു ലീറ്റർ പെട്രോൾ വാങ്ങാൻ ഇന്ത്യയിൽ മുടക്കുന്നതിനേക്കാൾ 31 രൂപ കുറച്ചു മതി. ശ്രീലങ്കയിൽ നിന്നു ഡീസൽ വാങ്ങിയാൽ 31 രൂപയുടെ കുറവുണ്ട്. പെട്രോൾ, ഡീസൽ വിലയിൽ ഇന്ത്യ തന്നെ മുന്നിൽ.