കടൽക്ഷോഭം: ശംഖുംമുഖം ബീച്ചിലേയ്ക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണം

തിരുവനന്തപുരം∙ കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ഇന്നു വൈകിട്ട് മൂന്ന് മണി മുതല്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.

അടുത്ത ദിവസങ്ങളിലും വന്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കലക്ടറുടെ നടപടി. വിനോദസഞ്ചാരികളും നാട്ടുകാരും ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കാതെ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശംഖുംമുഖം എസിപിയെയും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡിറ്റിപിസി സെക്രട്ടറിയെയും ചുമതലപ്പെടുത്തി.