ഇറാനെ ചതിച്ചാൽ ‘പ്രത്യാഘാതം’ നേരിടേണ്ടിവരും: ആണവ കരാറിൽ റൂഹാനി

ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ടെഹ്റാൻ∙ ആണവ കരാറിൽനിന്നു പിൻമാറി ഏതെങ്കിലും രാജ്യം ചതിച്ചാൽ ‘കഠിനമായ പ്രത്യാഘാതങ്ങൾ’ അനുഭവിക്കേണ്ടിവരുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. എല്ലാ സാഹചര്യങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താതെ തബ്രിസിൽ കൂടിയ ‌ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് റൂഹാനി അറിയിച്ചു. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായതുമുതൽ ഇറാനുമായുള്ള ആണവ കരാറിന് എതിരാണ്. ബറാക്ക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ കൊണ്ടുവന്ന കരാറിനെതിരെ അന്നുമുതൽത്തന്നെ ട്രംപ് പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി എതിരായിരുന്നു. അതിനിടെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി ട്രംപ് ചൊവ്വാഴ്ച വിഷയത്തിൽ ചർച്ച നടത്തി.

ആണവ കരാറിൽനിന്നു പിന്മാറരുതെന്നാണു മക്രോ ട്രംപിനോട് ആവശ്യപ്പെടുന്നത്. ഈ ആഴ്ച അവസാനം ജർമനിയുടെ ചാൻസലർ ആംഗല മെർക്കലും ട്രംപുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം ആവശ്യപ്പെടും. എന്നാൽ ട്രംപിന്റെ നിലപാടിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണു വിലയിരുത്തൽ. വൈറ്റ് ഹൗസ് വൃത്തങ്ങളും ഈ സൂചന നൽകുന്നു. കരാറിലെ പ്രധാന പോരായ്മകൾ യൂറോപ്യൻ സഖ്യകക്ഷികൾ മേയ് 12നകം തിരുത്തിയില്ലെങ്കിൽ ഇറാനുമേൽ യുഎസ് ഏർപ്പെടുത്തിയിരുന്ന കടുത്ത ഉപരോധം പുനഃസ്ഥാപിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതു കരാറിനെ ശക്തമായി ബാധിക്കും.

യുഎസിനെക്കൂടാതെ റഷ്യ, ചൈന, ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണു കരാറിൽ ഒപ്പിട്ടിരിക്കുന്നത്. കരാറിന്റെ ഫലമായി ആണവ പദ്ധതിയിൽനിന്ന് ഇറാന്‍ ഇപ്പോൾ പിന്മാറുകയും ചെയ്തു. കരാർ പ്രകാരം ഇറാന്റെ ആണവപദ്ധതികൾ രാജ്യാന്തര ആണവോർജ ഏജൻസിയുടെ (ഐഎഇഎ)  കർശന നിയന്ത്രണങ്ങൾക്കും നിരീക്ഷണത്തിനും വിധേയമായിരുന്നു. യുഎൻ നിരീക്ഷകർക്ക് ഇറാനിലെ സൈനികകേന്ദ്രങ്ങൾ പരിശോധിക്കാനും അനുമതിയുണ്ടായിരുന്നു.

ട്രംപിനു പിന്നിൽ ഇസ്രയേലും സൗദിയും?

ഇറാനിലെയും യുഎസിലെയും ആഭ്യന്തര എതിർപ്പുകൾ കൂടാതെ, ഇറാന്റെ പ്രധാന എതിരാളിയായ ഇസ്രയേലിനൊപ്പം സൗദി അറേബ്യയും കരാറിൽ രോഷാകുലരാണ്. അണ്വായുധം ഉണ്ടാക്കുകയാണ് ഇറാന്റെ ആത്യന്തികലക്ഷ്യമെന്നും ഹ്രസ്വകാല ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ആണവനിയന്ത്രണത്തിനു തൽക്കാലം വഴങ്ങിയെന്നേയുള്ളൂ എന്ന വിമർശനമാണ് ഇരുരാഷ്ട്രങ്ങളും ഉന്നയിക്കുന്നത്.

ഷിയ രാജ്യമായ ഇറാന് ആണവശേഷി ഉണ്ടെങ്കിൽ സുന്നികളുടെ പ്രതിരോധത്തിനു സൗദി അറേബ്യയ്ക്കും ആണവശേഷി വേണമെന്ന നിലപാടിലേക്കു സൗദി വന്നേക്കുമെന്ന ആശങ്ക നിലവിലുണ്ട്. മറുവശത്ത് ഇറാനെതിരെ സൈനികനടപടിക്കു മടിക്കില്ലെന്ന ഭീഷണി ഇസ്രയേൽ ആവർത്തിക്കുകയും ചെയ്യുന്നു. കരാർ എന്തുവില കൊടുത്തും തടസ്സപ്പെടുത്തുമെന്നും അന്നുതന്നെ ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.

എണ്ണവിപണിയിലേക്കും രാജ്യാന്തര വാണിജ്യരംഗത്തേക്കും മടങ്ങിയെത്തുന്നത് ഇറാന്റെ സാമ്പത്തികശേഷി വൻതോതിൽ വർധിപ്പിക്കുമെന്നതാണ് എതിരാളികളുടെ മറ്റൊരു ആശങ്ക. ഇറാഖിലെയും സിറിയയിലെയും ഷിയ തീവ്രവാദ സംഘടനകൾക്ക് കൂടുതൽ സൈനികസഹായവും പണവും ലഭിക്കാൻ ഇത് ഇടയാക്കുമെന്നും വിമർശനമുയരുന്നു.