ഗോരഖ്പുർ ശിശുമരണം: ഡോ. കഫീൽഖാന് ജാമ്യം; പുറത്തിറങ്ങുന്നത് എട്ടുമാസത്തിനുശേഷം

ഡോ. കഫീൽ ഖാൻ. ചിത്രത്തിനു കടപ്പാട്: എഎൻഐ, ട്വിറ്റർ

അലഹബാദ്∙ ഗോരഖ്പുർ ശിശുമരണക്കേസിൽ എട്ടുമാസമായി ജയിലിലായിരുന്ന ഡോ. കഫീൽഖാന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. പ്രാണവായു ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റക്കാരനാണെന്നു മുദ്രകുത്തിയാണ് അധികൃതർ കഫീൽ ഖാനെ ജയിലിൽ അടച്ചത്. ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ പിടയുന്നതു കണ്ടപ്പോൾ പുറത്തുനിന്നും ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടറാണ് കഫീൽ ഖാൻ.

Read more at: ഗോരഖ്പുരിൽ കുഞ്ഞുങ്ങൾ ശ്വാസംമുട്ടി പിടഞ്ഞ ആ രാത്രി; നരകജീവിതം തുറന്നെഴുതി ഡോക്ടർ

കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ അദ്ദേഹത്തിന് ഇപ്പോഴാണു ജാമ്യം ലഭിക്കുന്നത്. സംഭവത്തിനു പിന്നാലെ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം കഫീൽ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബിആർഡി ആശുപത്രിയിൽനിന്ന് ഓക്സിജൻ സിലിണ്ടർ തന്റെ സ്വകാര്യ ക്ലിനിക്കിലേക്കു കടത്തിയെന്ന് ആരോപിച്ചാണ് കഫീൽ ഖാനെതിരെ നടപടിയെടുത്തത്.

ദുരന്തമുണ്ടായ ഓഗസ്റ്റ് 10ന് ലീവ് ആയിരുന്നിട്ടുകൂടി കുട്ടികളുടെ ജീവൻ രക്ഷിക്കാനായി പ്രവർത്തിച്ച ഡോക്ടർ ഹീറോ ആകാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ജയിലിലടയ്ക്കപ്പെട്ടത്. ഓക്സിജൻ സിലണ്ടറുകളുടെ അഭാവം മൂലം കുട്ടികൾ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ പുറത്തുനിന്നു സിലിണ്ടറുകൾ എത്തിച്ചു കുരുന്നുകളെ രക്ഷിക്കാനായിരുന്നു ഡോക്ടറുടെ ശ്രമം. തെറ്റു ചെയ്യാതിരുന്നിട്ടും ജയിലിൽ കിടക്കേണ്ടിവന്നതിനെക്കുറിച്ച് ഡോക്ടർ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.