കോണ്‍ഗ്രസ് സഹകരണം തിരഞ്ഞെടുപ്പ് കഴിഞ്ഞ്; കേരളത്തിൽ പ്രശ്നമുണ്ടാക്കില്ല: യച്ചൂരി

സീതാറാം യച്ചൂരി (ഫയൽ ചിത്രം)

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസുമായുള്ള സഹകരണം ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്ന കൃത്യമായ സൂചന നല്‍കി സിപിഎം ജനറല്‍ െസക്രട്ടറി സീതാറാം യച്ചൂരി. ഒന്നാം യുപിഎ സര്‍ക്കാരിനു നല്‍കിയതുപോലെ പുറത്തുനിന്നുള്ള പിന്തുണയായിരിക്കും സിപിഎം നല്‍കുക. കോണ്‍ഗ്രസ് സഹകരണത്തിന്‍റെ സ്വഭാവം മനോരമ ന്യൂസിലൂടെയാണ് സീതാറാം യച്ചൂരി ആദ്യമായി വിശദീകരിക്കുന്നത്.

കോണ്‍ഗ്രസ് സഹകരണം കേരളത്തില്‍ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും യച്ചൂരി വ്യക്തമാക്കി. ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് എല്‍ഡിഎഫ് വന്‍ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നത് ഉദാഹരിച്ചായിരുന്നു യച്ചൂരി നയം വിശദീകരിച്ചത്. െഎക്യമുന്നണി സര്‍ക്കാരിനും യുപിഎ സര്‍ക്കാരിനും സിപിഎം പുറത്തുനിന്നു പിന്തുണ നല്‍കിയ ചരിത്രവും യച്ചൂരി എടുത്തുപറയുന്നു.

ഹൈദരാബാദില്‍ വിജയിച്ചതു പാര്‍ട്ടിയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു. നിലപാടുകളെച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അന്തിമ തീരുമാനമെടുത്താല്‍ എല്ലാവരും ഒറ്റക്കെട്ടാണ്. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്‍പ് ഉത്കണ്ഠയുണ്ടായിരുന്നതു തന്‍റെ പദവിയെക്കുറിച്ചല്ല പാര്‍ട്ടിയുടെ െഎക്യത്തെക്കുറിച്ചായിരുന്നുവെന്നു യച്ചൂരി പറഞ്ഞു. എന്നാല്‍ െഎക്യം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നും ഇച്ഛാശക്തിയുടെയും െഎക്യത്തിന്‍റെയും സമ്മേളനമാണു കഴിഞ്ഞതെന്നും യച്ചൂരി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണ തീരുമാനിക്കേണ്ടതു ജനങ്ങള്‍ മാത്രമാണെന്നും യച്ചൂരി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ തീരുമാനിക്കേണ്ടതു മറ്റാരുമല്ല. പാര്‍ട്ടി നേതാക്കള്‍ ജനങ്ങളില്‍നിന്ന് അകലാതെ പ്രവര്‍ത്തിക്കേണ്ടതാണെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.