നൈജീരിയയിലെ പള്ളിയിൽ ബൊക്കോ ഹറം സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു

From Google Maps

അബുജ∙ വടക്കു കിഴക്കൻ നൈജീരിയിൽ മുസ്‍ലിം പള്ളിയിലുണ്ടായ സ്ഫോടനങ്ങളിൽ 24 പേർ‌ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉച്ചയ്ക്കു ശേഷം വിശ്വാസികൾ പ്രാർഥനയ്ക്കു തയാറെടുക്കുന്നതിനിടെയാണു മുബി നഗരത്തിൽ ചാവേർ ആക്രമണം ഉണ്ടായത്. ബൊക്കോ ഹറം ഭീകരരാണ് സ്ഫോടനത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആദ്യ സ്ഫോടനം ഉണ്ടായതെന്ന് സംസ്ഥാന പൊലിസ് കമ്മീഷണർ അബ്ദുല്ലാഹി യെരീമ അറിയിച്ചു. വിശ്വാസികൾക്കു സമീപത്തു വച്ചു മറ്റൊരു സ്ഫോടനവുമുണ്ടായി. അക്രമത്തില്‍ പത്തിലേറെ പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. 

2009 മുതൽ വടക്കൻ നൈജീരിയയിൽ ഇസ്‍ലാമിക രാഷ്ട്രം രൂപീകരിക്കുകയെന്ന ലക്ഷ്യവുമായാണ് ബൊക്കോ ഹറം പോരാട്ടം തുടങ്ങിയത്. അന്നു മുതൽ തുടരുന്ന വിവിധ അക്രമങ്ങളിൽ ഇതുവരെ ഇരുപതിനായിരത്തോളം പേരാണു കൊല്ലപ്പെട്ടത്.