ബൈപാസിനു ഭൂമി കണ്ടെത്തുന്നതിൽ ജാതിവിവേചനമെന്ന് എം.ഗീതാനന്ദൻ

എം.ഗീതാനന്ദൻ

കണ്ണൂർ∙ ദേശീയപാത ബൈപാസിനുവേണ്ടി ഭൂമി കണ്ടെത്തുന്നതിൽ ജാതിവിവേചനം കാട്ടിയെന്ന് എം. ഗീതാനന്ദൻ. ബൈപാസിനുവേണ്ടി പാപ്പിനിശ്ശേരി തുരുത്തിയിലെ പട്ടികജാതി കോളനിയിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പോരാട്ടത്തിൽ കേരളത്തിലെ മുഴുവൻ ദലിത് സംഘടനകളും അണിനിരക്കുമെന്നും ഗീതാനന്ദൻ പറഞ്ഞു. സിപിഎം നേതാവിന്റെ ഭൂമി സംരക്ഷിക്കാനും ചട്ടരുദ്ധമായി സ്ഥാപിച്ച മൂന്നു വ്യവസായ സ്ഥാപനങ്ങൾ സംരക്ഷിക്കാനുമാണ് അലൈൻമെന്റ് മാറ്റിയത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ടൂറിസം ഉൾപ്പെടെ വൻ വ്യവസായമാണ് ഇവർ ലക്ഷ്യമിടുന്നത്.

ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണു പുതിയ അലൈൻമെന്റിൽ ദേശീയപാതയ്ക്കായി കണ്ടെത്തിയിരിക്കുന്നത്. നിർദിഷ്ട അലൈൻമെന്റിൽനിന്നു 200 മീറ്റർ മാറി പഞ്ചായത്ത് റോഡുണ്ട്. ഇതുവഴി ബൈപാസ് നിർമിച്ചാൽ കോളനിയെ ഒഴിവാക്കാൻ കഴിയും. കുടിയൊഴിപ്പിക്കുന്നതിന് എതിരായ കുടിൽകെട്ടി സമരം ആറു ദിവസം പിന്നിട്ടു. അലൈൻമെന്റ് മാറ്റിയില്ലെങ്കിൽ കലക്ടറേറ്റ് മാർച്ച് നടത്താൻ സമരപ്പന്തലിൽ ചേർന്ന പട്ടികവിഭാഗ സംഘടനകളുടെ യോഗം തീരുമാനിച്ചു.