ലിഗയുടെ കൊലപാതകവും കണ്ണുതുറപ്പിക്കുന്നില്ല; ടൂറിസത്തിന്റെ ‘കഴുത്തുഞെരിച്ച്’ ലഹരി മാഫിയ

Representative Image (ഇൻസെറ്റിൽ കോവളത്തു കൊല്ലപ്പെട്ട ലിഗ)

തിരുവനന്തപുരം∙ തലസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുമ്പോഴും നടപടിയെടുക്കാനാകാതെ എക്സൈസ്. ഇന്റലിജന്‍സ് വിഭാഗം കാര്യക്ഷമമല്ലാത്തതാണ് എക്സൈസ് ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കൃത്യമല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് വെറുംകയ്യോടെ മടങ്ങേണ്ടിവരുന്ന അവസ്ഥയാണ്. വിദേശ വിനോദ സഞ്ചാരി ലിഗ കോവളത്തിനടുത്ത് തിരുവല്ലത്ത് കൊല്ലപ്പെട്ടതിനു പിന്നിലും ലഹരി മാഫിയയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.  

കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് എന്‍ഡിപിഎസ് (നര്‍കോട്ടിക് ഡ്രഗ്സ് സൈക്കോട്രോപfക് സബ്സ്റ്റന്‍സ് ആക്ട്) കേസുകള്‍ മാത്രമാണ് കോവളത്ത് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരെണ്ണം മാത്രമാണ് കഞ്ചാവ് കേസ്. രണ്ടെണ്ണം വ്യാജമദ്യം വിറ്റ കേസ്. പിടിച്ചെടുത്തത് 110 ഗ്രാം കഞ്ചാവാണ്. മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയില്‍ ജനുവരിക്കു ശേഷം റജിസ്റ്റര്‍ ചെയ്തത് 18 എന്‍ഡിപിഎസ് കേസുകളാണ്. എല്ലാം കഞ്ചാവ് കേസുകള്‍.

വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വലിയ ലഹരി മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും പിടികൂടാന്‍ സാധിക്കാത്തത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹകരണമില്ലാത്തതിനാലാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി മരുന്നുകള്‍ മുന്‍പ് ഗോവയില്‍നിന്നാണു തലസ്ഥാനത്തേക്ക് എത്തിയിരുന്നത്. ഗോവക്കാരനായ ഒരാളെ കോവളത്തുനിന്നും കഴിഞ്ഞവര്‍ഷം അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ ചെന്നൈ വഴിയുള്ള കടത്ത് കൂടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കഞ്ചാവ് പ്രധാനമായും എത്തുന്നത് ആന്ധ്രയില്‍നിന്നു ചെന്നൈ വഴിയാണ്.

രണ്ട് എക്സൈസ് റേഞ്ചുകളാണ് തിരുവനന്തപുരം താലൂക്കിലുള്ളത്– കഴക്കൂട്ടവും തിരുവനന്തപുരവും. ഇരുപതില്‍ താഴെ ഉദ്യോഗസ്ഥരാണ് രണ്ടിടത്തുമായുള്ളത്. ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. ഉള്ള ഉദ്യോഗസ്ഥരാകട്ടെ ചെക്ക്പോസ്റ്റ് ഡ്യൂട്ടി അടക്കമുള്ള മറ്റു ഡ്യൂട്ടികളിലുമാണ്. എണ്ണം തികയ്ക്കാനായി ചെറിയ കഞ്ചാവു കേസുകള്‍ പിടിക്കേണ്ട അവസ്ഥയിലാണ് എക്സൈസ്.

കോവളം തീരത്ത് ലഹരിയുടെ ഉപയോഗം കൂടുകയാണെന്നു പ്രദേശവാസികള്‍ പറയുന്നു. കഞ്ചാവും ഹഷീഷും ബ്രൗണ്‍ഷുഗറും എല്ലാം സുലഭം. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റു ഗൈഡുകളും, മസാജിങ് സെന്ററുകളും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രദേശവാസികളുമാണ് വിനോദ സഞ്ചാരികള്‍ക്ക് ലഹരിമരുന്ന് എത്തിക്കുന്നത്. ടൂറിസം കേന്ദ്രമായതിനാല്‍ എക്സൈസിന് നടപടിയെടുക്കാനാകില്ല. റെയ്ഡ് അടക്കമുള്ള നടപടികള്‍ വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ അധികൃതര്‍ കണ്ണടയ്ക്കും. സ്ഥലത്തെത്തുന്ന എക്സൈസ് പൊലീസ് സംഘത്തെ ലഹരിമരുന്ന് കച്ചവടക്കാര്‍ ഒരുമിച്ചു നേരിടുന്ന സാഹചര്യവുമുണ്ട്.  

കോവളത്ത് ലഹരിമരുന്ന് കച്ചവടം വര്‍ധിച്ചതിനെത്തുടര്‍ന്ന് തൊണ്ണൂറുകളില്‍ എക്സൈസും പൊലീസും നടപടികള്‍ ശക്തമാക്കിയിരുന്നു. റെയ്ഡുകള്‍ ആവര്‍ത്തിച്ചപ്പോള്‍ കടയുടമകളില്‍ ചിലര്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി.  അസി. എക്സൈസ് കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാത്രമേ റെയ്ഡ് നടത്താവൂ എന്ന് നിര്‍ദേശമുണ്ടായി. പിന്നീട് കാര്യമായ റെയ്ഡ് കോവളത്ത് നടക്കുന്നത് 2012ലാണ്. അന്നു വൈദ്യുതി ബന്ധം വിച്ഛേദിച്ച് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള നീക്കമുണ്ടായെങ്കിലും പന്ത്രണ്ട് കേസുകളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. കൃത്യമായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളും സഹായമായി. പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ റെയ്ഡുകളില്‍നിന്ന് പിന്‍തിരിയുകയും ഇന്റലിജന്‍സ് വിഭാഗം കാര്യക്ഷമമല്ലാതാകുകയും ചെയ്തതോടെ ലഹരി മാഫിയ വീണ്ടും സജീവമാകുകയായിരുന്നു.