ഡിവൈഎഫ്ഐയുടെ കൂട്ടയോട്ടത്തിന് കേന്ദ്രസേന; പരാതിയുമായി ബിജെപി

സിആർപിഎഫ് (ഫയൽ ചിത്രം).

കണ്ണൂർ ∙ ഡിവൈഎഫ്ഐ പരിപാടിയുടെ ഭാഗമായി നടത്തിയ കൂട്ടയോട്ടത്തിൽ പങ്കെടുക്കാനെത്തിയ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) വെട്ടിലായി. പെരിങ്ങോം സിആർപിഎഫിലെ സേനാംഗങ്ങൾ കൂട്ടയോട്ടത്തിനു വന്നതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു. മുനയംകുന്ന് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ നടത്തിയ കൂട്ടയോട്ടമാണു പുതിയ വിവാദത്തിനു തിരികൊളുത്തിയത്.

പെരിങ്ങോം സിആർപിഎഫ് ക്യാംപിലെ സേനാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു മാരത്തണിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചതിനെതിരെ പെരിങ്ങോം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ മുനയംകുന്ന് രക്തസാക്ഷി ദിനാചരണത്തിന്റെ 70ാം വാർഷികത്തോടനുബന്ധിച്ചാണു മാരത്തൺ സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുക്കാൻ പെരിങ്ങോം സിആർപിഎഫ് ക്യാംപിലുള്ളവരെയും ക്ഷണിച്ചിരുന്നു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണു ക്ഷണക്കത്ത് നൽകിയത്.

തുടർന്നു നൂറോളം പേർ മാരത്തണിൽ പങ്കെടുക്കാനും പത്തു കേന്ദ്രങ്ങളിലായി മുപ്പതോളം പേർ ശുദ്ധജല വിതരണത്തിനുമെത്തി. എന്നാൽ രാഷ്ട്രീയ പാർട്ടിയുടെട പരിപാടിയിൽ പങ്കെടുക്കാൻ കേന്ദ്രസേന എത്തിയതു വിവാദമായതോടെ ക്യാംപ് മേധാവി ഉടൻ തന്നെ പിൻവാങ്ങാൻ ഉത്തരവിട്ടു. തുടർന്നു സേനാംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി. കേരളത്തിലെ പൊലീസ് സേനയെ ചുവപ്പുവൽക്കരിച്ചപോലെ കേന്ദ്രസേനയെ തൊട്ടുകളിക്കാൻ സിപിഎമ്മിനെ അനുവദിക്കില്ലെന്നു ബിജെപി അഭിപ്രായപ്പെട്ടു.

എന്നാൽ ഡിവൈഎഫ്ഐ പ്രാദേശിക ക്ലബ്ബുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇതെന്നാണു സംഘാടകരുടെ വിശദീകരണം. പ്രദേശത്തു യൂത്ത് കോൺഗ്രസ് നടത്തിയ വോളിബോൾ മൽസരത്തിലും മുൻപു സേനാംഗങ്ങൾ പങ്കെടുത്തിരുന്നു. കൂട്ടയോട്ട മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഏതാനും സിആർപിഎഫ് ട്രെയിനികൾ പങ്കെടുക്കാനെത്തി. പരാതി ഉയർന്നതോടെ അവർ പിൻമാറി. എല്ലാത്തിലും രാഷ്ട്രീയം മാത്രം കാണുന്നവരാണു പട്ടാളക്കാർ പരിപാടിയിൽ പങ്കെടുക്കാനെത്തിയതു വിവാദമാക്കുന്നതെന്നും സംഘാടകർ ചൂണ്ടിക്കാട്ടി.