കെ.എം. ജോസഫ് തന്നെ വേണം; കേന്ദ്രവുമായി ഏറ്റുമുട്ടാനുറച്ച് കൊളീജിയം

ജസ്റ്റിസ് കെ.എം. ജോസഫ് (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന നിലപാടിലുറച്ച് കൊളീജിയം. കേന്ദ്രസര്‍ക്കാര്‍ മടക്കിയ നിയമനശുപാര്‍ശ കൊളീജിയം വീണ്ടും അയയ്ക്കും. ഇതിനുപുറമെ മൂന്നു ജഡ്ജിമാരെക്കൂടി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയേക്കും. 50 മിനിറ്റ് നീണ്ടുനിന്ന യോഗത്തിലായിരുന്നു തീരുമാനം. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ മുതിർന്ന ജഡ്ജിമാർ വീണ്ടും യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. അവധിയിലായിരുന്ന ജസ്റ്റിസ് ജെ.ചെലമേശ്വറും യോഗത്തില്‍ പങ്കെടുത്തു.

കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനയ്ക്കായി തിരിച്ചയച്ച നിയമന ശുപാര്‍ശയാണു കൊളീജിയം യോഗം പരിഗണിച്ചത്. അതേസമയം, പുനഃപരിശോധന ആവശ്യപ്പെടാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്ന നിലപാടു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് ആവര്‍ത്തിച്ചിരുന്നു. ഇക്കാര്യം സുപ്രീംകോടതി തന്നെ പല വിധികളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം നീക്കാൻ ജസ്റ്റിസ് കെ.എം. ജോസഫ് വിധിച്ചതുകൊണ്ടല്ല കൊളീജിയം ശുപാർശ പുനഃപരിശോധിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. അത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു പുറമെ മുതിർന്ന ജഡ്ജിമാരായ ജെ.ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗൊഗോയി, മദൻ ബി.ലൊക്കൂർ എന്നിവരാണു കൊളീജിയത്തിലെ അംഗങ്ങൾ. ജസ്റ്റിസ് ജോസഫിനെ നിയമിക്കാൻ കൊളീജിയം രണ്ടാമതും ആവശ്യപ്പെട്ടാൽ കേന്ദ്രസർക്കാരിനു നിരാകരിക്കാനാവില്ല. പരമാവധി വൈകിപ്പിക്കാമെന്നു മാത്രം. ഈ വർഷം ജനുവരി പത്തിനാണു ജസ്റ്റിസ് ജോസഫിനെയും അഭിഭാഷക ഇന്ദു മൽഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്നു ശുപാർശ ചെയ്തത്. മൂന്നു മാസം വൈകിപ്പിച്ച ശേഷമാണു സർക്കാർ ഇന്ദു മൽഹോത്രയെ മാത്രം നിയമിക്കാൻ തീരുമാനിച്ചത്.

ജോസഫിന്റെ കാര്യത്തിൽ നേരത്തേയും കേന്ദ്രം ഇതുപോലെ കാലതാമസം വരുത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. രണ്ടു വർഷം മുൻപ് ആരോഗ്യപരമായ കാരണങ്ങളാൽ ഉത്തരാഖണ്ഡിൽനിന്ന് അദ്ദേഹം സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നു. ജോസഫിനെ ആന്ധ്രപ്രദേശ്–തെലങ്കാന ഹൈക്കോടതിയിലേക്കു മാറ്റാൻ കൊളീജിയം ശുപാർശ ചെയ്തതാണ്. എന്നാൽ‌ ഇതുവരെ തീരുമാനമെടുത്തില്ല.

ഇപ്പോൾ ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതിയിൽ നിയമിക്കുന്നത് അനുചിതമായിരിക്കും എന്നു വ്യക്തമാക്കി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചിരുന്നു. ഈ കത്തിന്റെ പകർപ്പും ചീഫ് ജസ്റ്റിസ് കൊളീജിയത്തിലെ അംഗങ്ങൾക്കു നൽകിയിട്ടുണ്ട്. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അനുമതിയോടെയാണു ശുപാർശ മടക്കി അയയ്ക്കുന്നതെന്നു നിയമമന്ത്രി കത്തിൽ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ജോസഫിനു സ്ഥാനക്കയറ്റം നൽകുന്നതിനെതിരായി സർക്കാർ കണ്ടെത്തിയ കാരണങ്ങൾക്കുള്ള മറുപടിയോടെയായിരിക്കും വീണ്ടും ശുപാർശ അയയ്ക്കുക. വസ്തുതകൾ വ്യക്തമാക്കുകയും മുൻപ് ഇത്തരം കീഴ്‌വഴക്കം ഉണ്ടായിട്ടില്ലെന്ന് അറിയിക്കുകയും ചെയ്യും.