നെൽപ്പാടം നികത്തി റോഡ്: കേന്ദ്ര പരിസ്ഥിതി സംഘം കീഴാറ്റൂരിലെത്തി

കീഴാറ്റൂരിലെ വയലിൽ കേന്ദ്രസംഘം പരിശോധന നടത്തുന്നു. ചിത്രം: എം.ടി. വിധുരാജ്

കണ്ണൂർ∙ കീഴാറ്റൂരിൽ നെൽപ്പാടം നികത്തി ബൈപ്പാസ് റോഡ് നിർമിക്കുന്നതു സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ കേന്ദ്രസംഘമെത്തി. വനം–പരിസ്ഥിതി–കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബെംഗളുരുവിലെ മേഖലാ ഓഫിസിലെ റിസർച് ഓഫിസർ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇന്നും നാളെയും കീഴാറ്റൂർ സന്ദർശിച്ചു പരിശോധന നടത്തുന്നത്. വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമാണത്തിനെതിരെ സമരം നടത്തുന്ന വയൽക്കിളികൾ കൂട്ടായ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

സംഘം വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ, നോബിൾ പൈകട തുടങ്ങിയവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വയലിനരികിലുള്ള തോട്ടിലൂടെ മേയ് മാസത്തിലും വെള്ളം ഒഴുകുന്നത് വയൽക്കിളികൾ സംഘത്തിനു കാണിച്ചു കൊടുത്തു. സംഘം ഇന്നും നാളെയും കീഴാറ്റൂരിൽ പഠനം നടത്തും. ബിജെപി സംസ്ഥാന പരിസ്ഥിതി സെൽ കൺവീനർ സി.എം. ജോയി, ജോയിന്റ് കൺവീനർ ഡോ. ഇന്ദുചൂഡൻ എന്നിവരും ഡപ്യൂട്ടി കലക്ടർ മാവില നളിനിയുടെ നേതൃത്വത്തിൽ റവന്യു–കൃഷി വകുപ്പുകളിലെയും ദേശീയപാതാ വിഭാഗത്തിലെയും ഉദ്യോഗസ്ഥരും എത്തിയിരുന്നു.