ജനാര്‍ദന റെഡ്ഡിക്ക് ബെള്ളാരിയിൽ പ്രവേശിക്കാനാകില്ല; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി∙ കർണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പ്രചാരണത്തിനു ഖനി ലോബിയുടെ തലവനായ ജനാര്‍ദന റെഡ്ഡിക്ക് അനുമതി നൽകാതെ സുപ്രീംകോടതി. സഹോദരൻ സോമശേഖര റെഡ്ഡിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനായി പത്തു ദിവസത്തെ ഇളവുവേണമെന്നായിരുന്നു ജനാർദന റെഡ്ഡിയുടെ ആവശ്യം. എന്നാൽ റെഡ്ഡി തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തേണ്ട ആവശ്യമില്ലെന്നു പറഞ്ഞാണു കോടതി ആവശ്യം തള്ളിയത്.

അഴിമതിക്കേസിൽ ജയിലിലടയ്ക്കപ്പെട്ട റെ‍ഡ്ഡിക്ക് ബെള്ളാരിയിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് 2015ൽ ജാമ്യം അനുവദിച്ചിരുന്നത്. അതേസമയം, ബെള്ളാരിയിൽ കടക്കുന്നതു കോടതി വിലക്കിയിട്ടുണ്ടെങ്കിലും മേഖലയ്ക്കു പുറത്തുള്ള എല്ലാ പ്രചാരണവേദികളിലും ജനാർദന റെഡ്ഡിയും സജീവമാണ്.

‘ബെള്ളാരി റിപ്പബ്ലിക്’

2008ൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബിജെപി സർക്കാർ കർണാടകയിൽ അധികാരത്തിലേറിയപ്പോൾ ഭരണചക്രം റെഡ്ഡിമാരുടെ കയ്യിലാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. അവരൊഴുക്കിയ പണമാണു ബിജെപിയെ അധികാരത്തിലേറ്റിയതെന്ന വിമർശനവുമുണ്ടായി. അന്നത്തെ മുഖ്യമന്ത്രി യെഡിയൂരപ്പയും റെഡ്ഡിമാരും തമ്മിലുണ്ടായിരുന്ന ശക്തമായ ബന്ധവും പരസ്യമായ രഹസ്യം.

ഇതിനിടെയാണ്, കോടികൾ കൈമറിഞ്ഞ അനധികൃത ഇരുമ്പയിരു കടത്ത് വിവാദം കത്തിപ്പടർന്നതും ലോകായുക്ത സന്തോഷ് ഹെഗ്ഡെയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതും. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള സ്വതന്ത്ര ഭരണമാണ് ബെള്ളാരിയിലെന്നു കുറ്റപ്പെടുത്തിയ ഹെഗ്ഡെയാണ് ആ പേരിട്ടത് – ബെള്ളാരി റിപ്പബ്ലിക്. റെഡ്ഡി ജയിലിലാകുകയും പ്രതാപം മങ്ങുകയും ചെയ്തതോടെ 2013ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായത് കനത്ത തിരിച്ചടി.