സർക്കാരിനു കനത്ത സാമ്പത്തിക പ്രതിസന്ധി; ഒരു വർഷമായി ജീവനക്കാർക്ക് ക്ഷാമബത്തയില്ല

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു വർഷമായി ക്ഷാമബത്ത ലഭിക്കുന്നില്ല. ഇപ്പോൾ മൂന്നു ശതമാനം ബത്ത കുടിശികയാണ്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണു പണം നൽകാൻ കഴിയാത്തതെന്നു അധികൃതർ പറഞ്ഞു.

ജീവനക്കാർക്ക് അവസാനമായി ക്ഷാമബത്ത ലഭിച്ചത് 2017 ഏപ്രിൽ 26നാണ്. അതിനു ശേഷം ജൂലൈയിലും 2018 ജനുവരിയിലുമായി മൂന്നു ശതമാനം ബത്ത അനുവദിച്ചു. എന്നാൽ ഇന്നേവരെ അതു സർക്കാർ നൽകിയിട്ടില്ല. സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ ആകെ ലഭിക്കുന്ന ക്ഷാമബത്ത 14 ശതമാനമാണ്. 

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2014ലാണു നടന്നത്. അഞ്ചു വർഷത്തിലൊരിക്കൽ എന്ന മാനദണ്ഡ പ്രകാരം അടുത്ത ശമ്പള പരിഷ്കരണം നടക്കേണ്ടതു 2019ലാണ്. കഴിഞ്ഞ ശമ്പള പരിഷ്കരണ സമയത്തു 86% ക്ഷാമബത്ത കുടിശികയായിരുന്നു. അതിൽ 80% ബത്ത ശമ്പളത്തിൽ ലയിപ്പിച്ചു. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ചു ശമ്പള പരിഷ്കരണം അട്ടിമറിക്കാനാണു ധനവകുപ്പ് മനപ്പൂർവ്വം ക്ഷാമബത്ത തടഞ്ഞിരിക്കുന്നതെന്നു ജീവനക്കാർ ആരോപിക്കുന്നു.