എസ്പിയാകാൻ പൊലീസ് അസോ. നേതാക്കൾക്ക് കൈക്കൂലി; സർക്കാർ അന്വേഷിക്കും

തിരുവനന്തപുരം∙ ഡിവൈഎസ്പിയെ എസ്പിയാക്കാനായി കേരള പൊലീസ് അസോസിയേഷനിലെ ജില്ലാ–സംസ്ഥാന നേതാക്കൾ പണം കൈപ്പറ്റിയെന്ന പരാതിയിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ആഭ്യന്തര സെക്രട്ടറിയുടെ നിർദേശ പ്രകാരം ടെലികമ്യൂണിക്കേഷൻ എസ്പി ഡി.രാജനെയാണു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്. പൊലീസ് ടെലികമ്യൂണിക്കേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരാണ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കു രേഖാമൂലം പരാതി നൽകിയത്. 

പരാതിയിൽ പറയുന്നത് : ഒരു സീനിയർ ഡിവൈഎസ്പി, എസ്പിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി പൊലീസ് അസോസിയേഷൻ നേതാക്കൾ വഴി ശ്രമിച്ചു വരികയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നൽകാനെന്ന പേരിൽ നേതാക്കൾ 25 ലക്ഷം രൂപ ആവശ്യപ്പെടുകയും അതിൽ അഞ്ചു ലക്ഷം രൂപ ജില്ലാ നേതാക്കൾ വഴി ചില സംസ്ഥാന നേതാക്കൾ കൈപ്പറ്റുകയും ചെയ്തു.

കോൺഗ്രസ് അനുഭാവിയായ ഈ ഉദ്യോഗസ്ഥൻ കഴിഞ്ഞ സർക്കാരിന്റെ കാലത്തു രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ഒരു മുൻ എംഎൽഎ വഴി ഇതിനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ഈ ഉദ്യോഗസ്ഥന് എസ്പിയാകാൻ മതിയായ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി അന്നത്തെ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ആ നിർദ്ദേശം തള്ളി. അതിനാലാണ് ഇപ്പോഴത്തെ സർക്കാരിനെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. 

പൊലീസുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തര അന്വേഷണത്തിനാണു സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ടെലികമ്യൂണിക്കേഷൻ ഡിവൈഎസ്പി, ജില്ലകളിലെ ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർമാർ, ഹെഡ്ക്വാർട്ടേഴ്സ് എസ്ഐ എന്നിവരോട് അവരുടെ ഓഫിസിലെ പൊലീസുകാർക്ക് ഈ ആരോപണത്തിൽ തെളിവോ മൊഴിയോ നൽകാനുണ്ടെങ്കിൽ അതു ശേഖരിച്ച് ഏഴു ദിവസത്തിനകം കൈമാറാൻ നിർദേശിച്ചിട്ടുണ്ട്.

എന്നാൽ ടെലികമ്യൂണിക്കേഷനു പുറത്തുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ മാത്രമേ തെളിവു നൽകാൻ സാധിക്കുകയുള്ളൂവെന്നാണു പൊലീസുകാരുടെ നിലപാട്. ആരോപണ വിധേയരെ രക്ഷിക്കാനാണു ടെലികമ്യൂണിക്കേഷൻ എസ്പിയെ തന്നെഅന്വേഷണത്തിനു ഡിജിപി ചുമതലപ്പെടുത്തിയതെന്നും  ഇവർ ആരോപിക്കുന്നു.