പൊലീസ് സഹകരണ സംഘത്തിൽനിന്ന് എസ്പിയെ ഒഴിവാക്കാനുള്ള നീക്കത്തിനു തിരിച്ചടി

കണ്ണൂർ∙ പൊലീസ് സഹകരണ സംഘത്തിന്റെ തലപ്പത്തുനിന്നു ജില്ലാ പൊലീസ് മേധാവിയെ ഒഴിവാക്കാനുള്ള നീക്കത്തിനു തിരിച്ചടി. സഹകരണ സംഘത്തിന്റെ ബൈലോ ഭേദഗതി ചെയ്യാനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. ശനിയാഴ്ചത്തെ ജനറൽ ബോഡിയിൽ നടത്താനിരുന്ന ബൈലോ ഭേദഗതിയാണു ഹൈക്കോടതി സ്റ്റേ ചെയ്തത്. എന്നാൽ സംഘത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ തുടരാൻ അഡ്മിനിസ്ട്രേറ്റർക്ക് അനുമതി നൽകി.

കണ്ണൂർ ജില്ലയിലെ പൊലീസുകാരും മറ്റു ജീവനക്കാരുമടക്കം ആറായിരത്തിലേറെ അംഗങ്ങളുള്ള പൊലീസ് സഹകരണ സംഘത്തിന്റെ സ്ഥിരം പ്രസിഡന്റ് സ്ഥാനം അതതു സമയത്തെ ജില്ലാ പൊലീസ് മേധാവിക്കാണ്. എന്നാൽ ജില്ലാ പൊലീസ് മേധാവിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നൊഴിവാക്കി ‍തിരഞ്ഞെടുപ്പിൽ വിജയിച്ചെത്തുന്ന ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒരാളെ പ്രസിഡന്റ് ആക്കുന്ന വിധത്തിൽ നാളത്തെ പൊതുയോഗത്തിൽ ബൈലോ ഭേദഗതി വരുത്താനായിരുന്നു ശ്രമം.

നിക്ഷേപം, ഹ്രസ്വകാല – ദീർഘകാല വായ്പകൾ, അടിയന്തര വായ്പ, ചിട്ടി, ഇൻഷുറൻസ് തുടങ്ങി കോടിക്കണക്കിനു രൂപയുടെ ഇടപാടുകൾ കണ്ണൂർ പൊലീസ് സഹകരണ സംഘം വഴി ഒരോ വർഷവും നടക്കുന്നുണ്ട്. 110 കോടി രൂപയാണു സഹകരണ സംഘത്തിന്റെ ഇപ്പോഴത്തെ നിക്ഷേപം. ഏതാനും വർഷങ്ങളായി നിക്ഷേപം വൻതോതിൽ വർധിച്ചതോടെയാണു സംഘത്തിന്റെ ഭരണം പിടിക്കാൻ രാഷ്ട്രീയക്കളികൾ സജീവമായത്.