ചൊവ്വയിലെ മണ്ണിന്നടിയിലെ ‘തരംഗ’ രഹസ്യം തേടി പറന്നുയർന്നു നാസയുടെ ‘ഇൻസൈറ്റ്’

ഇൻസൈറ്റ് പേടകം ചൊവ്വയിൽ (ചിത്രകാരന്റെ ഭാവനയിൽ)–ചിത്രം: എഎഫ്പി

കലിഫോർണിയ∙ ചൊവ്വയുടെ ‘നെഞ്ചിടിപ്പിനു’ കാതോർക്കാൻ നാസയുടെ ഏറ്റവും പുതിയ പേടകം ഇൻസൈറ്റ് യാത്ര പുറപ്പെട്ടു. പസഫിക് സമയം പുലർച്ചെ 4.05നു കലിഫോർണിയയിലെ വാൻഡൻബെർഗ് എയർഫോഴ്സ് കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. മൂടൽമഞ്ഞുള്ള അന്തരീക്ഷമായിട്ടും വിക്ഷേപണത്തിനു പ്രശ്നമുണ്ടായില്ലെന്നു നാസ അറിയിച്ചു. അറ്റ്‌ലസ് 5 റോക്കറ്റിലേറിയാണ് ‘ഇൻസൈറ്റ് മാർസ് ലാൻഡറി’ന്റെ യാത്ര. ചൊവ്വയിലേക്കുള്ള നാസയുടെ ആദ്യത്തെ റോബട്ടിക് ലാൻഡറാണിത്. ആറുമാസത്തിനു ശേഷം പേടകം ചൊവ്വയിലെത്തും– ലാൻഡറിന്റെ ഉദ്ദേശവും മറ്റൊന്നുമല്ല, ചൊവ്വയുടെ ആന്തരിക ഘടന അടുത്തറിയാനുള്ള പരീക്ഷണങ്ങൾ നടത്തുക. നവംബർ 26ന് ഇൻസൈറ്റ് ചൊവ്വയിൽ ‘ലാൻഡ്’ ചെയ്യും.

ഇന്റീരിയർ എക്സ്പ്ലൊറേഷൻ യൂസിങ് സീസ്മിക് ഇൻവെസ്റ്റിഗേഷൻസ് എന്നതിന്റെ ചുരുക്കെഴുത്താണ് ഇൻസൈറ്റ്. പേരു പോലെത്തന്നെ ചൊവ്വയുടെ ആന്തരിക ഘടന പഠിക്കുകയാണു ലാൻഡറിന്റെ ലക്ഷ്യം. ഭൂചലനങ്ങള്‍ക്കും ഉൽക്കാ ആക്രമണങ്ങൾക്കും മണ്ണിടിച്ചിലിനുമെല്ലാം കുപ്രസിദ്ധമാണ് ചൊവ്വയുടെ പ്രതലം. എന്നാൽ ചൊവ്വയിലെ ഭൂചലനം സംബന്ധിച്ച കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ഗവേഷകർക്കു ലഭിച്ചിട്ടില്ല. 2030ൽ ചൊവ്വായാത്രികർ ഇവിടെയെത്തും മുൻപ് ഗ്രഹം എത്രമാത്രം ഭൂകമ്പബാധിതമാണെന്നാണ് ഏറ്റവും അത്യാവശ്യമായി അറിയേണ്ടത്. ഇതിനു വേണ്ടി ചൊവ്വയുടെ അന്തർഭാഗത്തുണ്ടാകുന്ന ചെറുചലനങ്ങളെയും തരംഗങ്ങളെയും തിരിച്ചറിയുകയാണ് ഇൻസൈറ്റിന്റെ ലക്ഷ്യം. 

‘നെഞ്ചിടിപ്പ്’ അളക്കാൻ...

ലാൻഡറിലുള്ള പ്രധാന ഉപകരണം സീസ്മോമീറ്ററാണ്. ഫ്രഞ്ച് സ്പെയ്സ് ഏജൻസിയാണ് ഇതു നിർമിച്ചത്. ചൊവ്വയിൽ ലാൻഡർ ഇറങ്ങിയതിനു ശേഷം ഒരു റോബട്ടിക് ‘കൈ’ പ്രവർത്തിച്ചായിരിക്കും സീസ്മോമീറ്ററിനെ പ്രതലത്തിലേക്ക് എടുത്തുവയ്ക്കുക. ചൊവ്വയിലെ ആന്തരിക ചലനങ്ങൾക്കു ‘ചെവിയോർക്കുക’ ഈ സീസ്മോമീറ്ററായിരിക്കും.

ചൊവ്വയുടെ പ്രതലത്തിനു തൊട്ടുതാഴെ എത്രമാത്രം ചൂടേറിയതാണെന്നു പരിശോധിക്കാനുള്ള സെൻഫ്–ഹാമറിങ് പ്രോബ് ആണു ലാൻഡറിലെ രണ്ടാമത്തെ പ്രധാന ഉപകരണം. പോളിഷ്, ജർമൻ ഏജൻസികൾ സംയുക്തമായാണ് ‘ഹീറ്റ് ഫ്ലോ ആൻഡ് ഫിസിക്കൽ പ്രോപർട്ടീസ് പാക്കേജ്’ എന്ന ഈ ഉപകരണം തയാറാക്കിയത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നു 10 മുതൽ 16 വരെ അടി താഴേയ്ക്കു കുഴിക്കാനുള്ള ശേഷിയും പ്രോബിനുണ്ട്. നേരത്തേ ഉണ്ടായിട്ടുള്ള ചൊവ്വാദൗത്യങ്ങളിൽ കുഴിച്ചതിനേക്കാളും 15 മടങ്ങു താഴെയാണിത്. ചൊവ്വയിലെ തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥയെപ്പറ്റി പഠിക്കുകയെന്നത് 2030ലെ ദൗത്യത്തിനു മുന്നോടിയായി നിർണായകമാണ്.

ലക്ഷ്യം സൗരയൂഥവും!

സൗരോ‍ർജവും ബാറ്ററിയും ഉപയോഗിച്ചാണു പ്രവർത്തനം. ഭൂമിയിലെ 26 മാസമാണ് (ചൊവ്വയുടെ ഒരു വർഷം) ഇൻസൈറ്റിന്റെ പ്രവർത്തന കാലാവധി. ഇക്കാലയളവിൽ നൂറോളം ഭൂചലനങ്ങളുടെ വിവരമെങ്കിലും ഇൻസൈറ്റ് ശേഖരിക്കുമെന്നാണു നാസയുടെ പ്രതീക്ഷ.

ചൊവ്വയുടെ പ്രതലം കുഴിച്ചുള്ള ഇൻസൈറ്റിന്റെ പരീക്ഷണം (ചിത്രം: എഎഫ്പി)

26 മാസത്തിലേറെ ഇൻസൈറ്റ് പ്രവർത്തിക്കുമെന്നാണു പ്രതീക്ഷയെന്നു നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബറട്ടറി പ്രോജക്ട് മാനേജർ ടോം ഹോഫ്മാൻ പറഞ്ഞു. 2016ൽ ഇൻസൈറ്റ് വിക്ഷേപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ചൊവ്വയുടെ പ്രതലത്തിലെ ചൂടിൽ സീസ്മോമീറ്ററിനു കുഴപ്പങ്ങളുണ്ടാകുമെന്നു പരീക്ഷണത്തിൽ തെളിഞ്ഞതിനെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.

2012ൽ ക്യൂരിയോസിറ്റിക്കു ശേഷം ഇതാദ്യമായാണ് നാസയുടെ ഒരു പേടകം ചൊവ്വയിലേക്കെത്തുന്നത്. സൗരയൂഥത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള നിർണായക തെളിവുകൾ ചൊവ്വയുടെ മണ്ണിന്നടിയിൽ ഒളിച്ചിരിപ്പുണ്ടെന്നാണു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. എങ്ങനെയാണു ഗ്രഹങ്ങൾ രൂപപ്പെട്ടത്, എങ്ങനെയാണു പാറകൾ നിറഞ്ഞ ഗ്രഹങ്ങളുടെ രൂപീകരണം തുടങ്ങിയ കാര്യങ്ങളിലും ഇൻസൈറ്റ് ഉത്തരം നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഏകദേശം 6455 കോടി രൂപ ചെലവിട്ടാണ് നാസയുടെ ഇൻസൈറ്റ് പദ്ധതി.