ഒരു കുപ്പിവെള്ളത്തിന് 20 രൂപ; ‘തീ’വിലയിൽ കർശന നടപടിക്ക് സർക്കാർ

തിരുവനന്തപുരം∙ കേരളത്തില്‍ വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണത്തിനൊരുങ്ങുന്നു. കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനികളുടെ യോഗം വ്യാഴാഴ്ച പതിനൊന്നു മണിക്ക് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫിസില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഒരു കുപ്പി കുടിവെള്ളത്തിന് 20 രൂപയെന്ന വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായില്ലെങ്കില്‍ കേരള എസെന്‍ഷ്യൽ ആര്‍ട്ടിക്കിള്‍സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ വില നിശ്ചയിക്കാനാണു സര്‍ക്കാര്‍ തീരുമാനം.

കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ ഏക സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഏപ്രില്‍ രണ്ടു മുതല്‍ ഒരു കുപ്പി വെള്ളത്തിന് 12 രൂപയാക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ വന്‍കിട കമ്പനികള്‍ ഈ തീരുമാനത്തെ അട്ടിമറിക്കുന്നതായി ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ നടപടി.

ഒരു കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കാന്‍ 3.70 രൂപയാണു ചെലവെന്ന് കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു. കുപ്പിയുടെ അടപ്പിനും ലേബലിനും 32 പൈസ വീതം. അടപ്പിന്റെ മുകളിലൊട്ടിക്കുന്ന കവറിനു വില ആറു പൈസ. പിന്നെ വരുന്നത് പായ്ക്കിങ്ങിനും വിതരണത്തിനുമുള്ള ചെലവുകളാണ്. എല്ലാം ചേര്‍ത്ത് 12 കുപ്പികളടങ്ങുന്ന ഒരു പായ്ക്കറ്റിന്റെ ഉല്‍പ്പാദന ചെലവ് 78.12 രൂപയാണ്. കുപ്പിയൊന്നിന് 6.51 പൈസ. നികുതി ചേര്‍ത്താലും എട്ടുരൂപയ്ക്ക് ഒരു കുപ്പി വെള്ളം വിതരണം ചെയ്യാം. വിതരണക്കാരുടെ വിഹിതം ഉള്‍പ്പെടെ 12 രൂപയ്ക്കു വിപണിയിലെത്തിക്കാന്‍ കഴിയുമെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ജനുവരി മാസത്തില്‍ ഒരു കുപ്പി വെള്ളത്തിന്റെ വില 10 രൂപയാക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. കുപ്പിവെള്ള നിര്‍മാണ മേഖലയിലുള്ള 105 കമ്പനികള്‍ സംയുക്തമായാണു തീരുമാനമെടുത്തത്. അവശ്യ സാധനമായതിനാലും വന്‍കിട കമ്പനികളെ വിലകുറച്ചു നേരിടാനുമാണ് അസോസിയേഷന്‍ ഈ തീരുമാനമെടുത്തത്. സംഘടനയില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്നു തീരുമാനം നീണ്ടു. മാര്‍ച്ച് രണ്ടു മുതല്‍ വില 12 രൂപയാക്കുമെന്നു പ്രഖ്യാപനമുണ്ടായി. 75% ഉല്‍പ്പാദകരും 12 രൂപയ്ക്കു വിതരണം ചെയ്തെങ്കിലും കേരളത്തിലെ ചില ഉല്‍പ്പാദകരും പുറത്തുള്ള വന്‍കിട കമ്പനികളും 20 രൂപയെന്ന വില കുറയ്ക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തിലാണു കര്‍ശന നടപടികളിലേക്കു നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ബഹുരാഷ്ട്ര കമ്പനികളും ഇടനിലക്കാരുമാണു തീരുമാനം അട്ടിമറിക്കുന്നതെന്നു സംഘടനയുടെ പ്രസിഡന്റ് മുഹമ്മദ് മനോരമ ഓണ്‍ലൈനോട‌ു പറഞ്ഞു. യോഗത്തില്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു നീങ്ങുമെന്നു ഭക്ഷ്യവകുപ്പു മന്ത്രിയുടെ ഓഫിസും വ്യക്തമാക്കി.