വൈദ്യുതി ബിൽ എട്ടുലക്ഷത്തിനും മുകളിൽ; പച്ചക്കറി കച്ചവടക്കാരൻ തൂങ്ങിമരിച്ചു

പ്രതീകാത്മക ചിത്രം

ഔറംഗബാദ്∙ മഹാരാഷ്ട്രയില്‍ എട്ടു ലക്ഷത്തിനു മുകളില്‍ വൈദ്യുതി ബില്‍ ലഭിച്ച പച്ചക്കറി കച്ചവടക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് മാസത്തെ വൈദ്യുതി ബില്ലായി 8.64 ലക്ഷം രൂപയാണ് ഇയാളോട് അടയ്ക്കാൻ ആവശ്യപ്പെട്ടത്. ഇതിന്റെ ആശങ്കയിൽ പച്ചക്കറി കച്ചവടക്കാരൻ ജീവനൊടുക്കുകയായിരുന്നെന്നാണു റിപ്പോർ‌ട്ട്. അതേസമയം എട്ടു ലക്ഷം രൂപയ്ക്കു മുകളിൽ വൈദ്യുതി ബിൽ ലഭിച്ച സംഭവം കണക്കു കൂട്ടുന്നതിൽ പിഴവു വന്നതിനെ തുടർന്ന് ഉണ്ടായതാണെന്ന് അധികൃതർ പിന്നീടു പ്രതികരിച്ചു.

ഔറംഗബാദിലെ ജഗന്നാഥ് നെഹാജി ഷെൽക്കെ (36) എന്നയാളെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപു മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ (എംഎസ്ഇഡിസിഎൽ) പ്രാദേശിക ഓഫിസിൽ ഇയാൾ പലതവണ എത്തിയിരുന്നു. 61,178 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച വകയിൽ‌ എട്ടുലക്ഷത്തിലധികം രൂപയുടെ ബിൽ ഏപ്രിൽ അവസാന ആഴ്ചയാണ് ജഗന്നാഥിനു ലഭിക്കുന്നത്. 

എന്നാൽ ഇയാൾ ഉപയോഗിച്ചിരുന്നത് 6117.8 യൂണിറ്റ് വൈദ്യുതി മാത്രമാണെന്നു എംഎസ്ഇഡിസിഎൽ അധികൃതർ പിന്നീടു പ്രതികരിച്ചു. ഇത്രയും യൂണിറ്റ് വൈദ്യുതിക്കു മാസം അടയ്ക്കേണ്ടത് 2803 രൂപ മാത്രമായിരുന്നു. ആയിരം രൂപയോടടുത്തു മാത്രം പ്രതിമാസം ബില്ലു ലഭിച്ചിരുന്നിടത്ത് ഇത്രയും വലിയ തുക ലഭിച്ചതിന്റെ ആഘാതം സഹിക്കാതെയായിരുന്നു ആത്മഹത്യയെന്ന് ഇയാളുടെ കയ്യിൽ നിന്നു ലഭിച്ച കുറിപ്പിലുണ്ട്. സംഭവത്തെ തുടർന്ന് വൈദ്യുതി വകുപ്പിലെ അക്കൗണ്ട് അസിസ്റ്റന്റ് സുശീൽ കാശിനാഥ് കോലിയെ സസ്പെൻഡ് ചെയ്തു.