ശ്രീദേവിയുടെ മരണം: ഇനിയും അന്വേഷണം ആവശ്യമില്ലെന്നു സുപ്രീംകോടതി

ന്യൂഡൽഹി∙ നടി ശ്രീദേവിയുടെ മരണത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ദുബായിലെ ഹോട്ടലിലെ ബാത്ത് ടബിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണു ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും സ്വാഭാവിക മരണമാണെന്നും ദുബായ് പൊലീസ് വ്യക്തമാക്കിയതാണ്. പക്ഷേ സംഭവം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുനിൽ സിങ് എന്നയാൾ ഹർജി നല്‍കുകയായിരുന്നു.

ഇതു സംബന്ധിച്ച ആദ്യ ഹർജി ഡൽഹി ഹൈക്കോടതിയിൽ ഇദ്ദേഹം നൽകിയിരുന്നെങ്കിലും തള്ളുകയായിരുന്നു. മാർച്ച് ഒൻപതിനായിരുന്നു തള്ളിയത്. ഇന്ത്യയിലെയും ദുബായിലെയും അധികൃതർ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വ്യക്തത വരുത്തിയതാണെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയും ഹർജി തള്ളിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചാണു ഹർജി പരിഗണിച്ചത്.