ബാലഗംഗാധര തിലകൻ ഭീകരവാദത്തിന്റെ പിതാവെന്ന് എട്ടാം ക്ലാസ് പാഠപുസ്തകം; വിവാദം

ബാലഗംഗാധര തിലകനെ ഭീകരവാദത്തിന്റെ പിതാവായി വിശേഷിപ്പിച്ചിരിക്കുന്ന പാഠഭാഗം

ജയ്പൂർ∙ സ്വാതന്ത്ര്യ സമരസേനാനിയായ ബാലഗംഗാധര തിലകൻ ഭീകരവാദത്തിന്റെ പിതാവെന്ന് രാജസ്ഥാനിലെ എട്ടാം ക്ലാസ് പാഠപുസ്തകം. രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷന്റെ (ആർബിഎസ്ഇ) കീഴിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വിതരണം ചെയ്തിട്ടുള്ള പുസ്തകങ്ങളിലാണ് ഈ ഭീകരപിഴവ് കടന്നുകൂടിയിട്ടുള്ളത്. മഥുര കേന്ദ്രീകരിച്ചുള്ള പ്രസാധകരാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ദേശീയ പ്രക്ഷോഭത്തിലേക്കു വഴിതെളിച്ചത് ബാല ഗംഗാധര തിലകനാണെന്നും അതിനാൽ അദ്ദേഹത്തെ ഭീകരവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. 267–ാം പേജിലെ 22–ാം പാഠഭാഗത്തിലെ ‘18, 19 നൂറ്റാണുകളിലെ ദേശീയ വിപ്ലവ സംഭവങ്ങൾ’ എന്ന തലക്കെട്ടിലാണു വിവാദ പരാമർശമുള്ളത്. ബ്രിട്ടിഷുകാരെ സ്വാധീനിക്കാതെ തങ്ങൾക്ക് ഒന്നും നേടാൻ കഴിയില്ലെന്നാണു തിലകൻ കരുതിയിരുന്നത്. ശിവജി, ഗണപതി ഉൽസവങ്ങളിലൂടെ രാജ്യത്ത് സവിശേഷമായ അവബോധം സൃഷ്ടിച്ചു. ജനങ്ങൾക്കിടയിൽ സ്വാതന്ത്ര്യത്തിന്റെ മന്ത്രം പ്രചോദിപ്പിച്ച് തിലകൻ ബ്രിട്ടിഷുകാരുടെ കണ്ണിലെ കരടായി മാറുകയും ചെയ്തു – പുസ്തകത്തിൽ പറയുന്നു.

തുടർന്നു വരുന്ന എഡിഷനുകളിൽ തെറ്റുമാറ്റി നൽകുമെന്ന് പ്രസാധകർ അറിയിച്ചു. പരിഭാഷകരാണ് ഇത്തരമൊരു തെറ്റുവരുത്തിയത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം തന്നെ പ്രശ്നം പരിഹരിച്ചിരുന്നു. ആദ്യ എഡിഷൻ കഴിഞ്ഞ വർഷമാണു പ്രസിദ്ധീകരിച്ചതെന്നും പ്രസാധക ഓഫിസ് ഉദ്യോഗസ്ഥൻ രാജ്പാൽ സിങ് പറഞ്ഞു.

അതേസമയം, ബാല ഗംഗാധര തിലകനെ ഭീകരവാദത്തിന്റെ പിതാവായി വിശേഷിപ്പിച്ചത് അപലപനീയമാണെന്ന് സ്വകാര്യ സ്കൂൾ അസോസിയേഷൻ ഡയറക്ടർ കൈലാഷ് ശർമ പറഞ്ഞു.