ലോങ് മാർച്ച് മാറ്റിയത് ജയരാജൻ ആവശ്യപ്പെട്ടിട്ടല്ല: സുരേഷ് കീഴാറ്റൂർ

സുരേഷ് കീഴാറ്റൂർ

തളിപ്പറമ്പ്∙ കീഴാറ്റൂർ ബൈപാസ് സമരത്തിൽ പി.ജയരാജൻ ആവശ്യപ്പെട്ടതു കൊണ്ടല്ല ലോങ് മാർച്ച് മാറ്റിവച്ചതെന്നും ഇതിനു മുൻപു തന്നെ മാർച്ച് മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നുവെന്നും വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. ദേശീയപാതയുടെ അലൈൻമെന്റ് മാറ്റാൻ ലോങ് മാർച്ച് പ്രായോഗികമല്ല. സംസ്ഥാന സർക്കാരാണ് അലൈൻമെന്റ് മാറ്റാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടേണ്ടത്. 

ഐക്യദാർഢ്യ സമിതിയുമായി ചേർന്ന് നടത്തിയ ജനകീയ കൺവൻഷന്റെ തലേ ദിവസമാണ് പി.ജയരാജനുമായി ചർച്ച നടത്തിയത്. എന്നാൽ മാർച്ച് മാറ്റിവയ്ക്കാൻ തീരുമാനിച്ച കാര്യം അദ്ദേഹത്തെ അറിയിച്ചിരുന്നില്ലെന്നും സുരേഷ് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി സമിതി നടത്തിയ പOനത്തിന്റെ റിപ്പോർട്ട് വരുന്നതു വരെയുള്ള ഇടവേളയാണിപ്പോഴുള്ളത്. ഈ റിപ്പോർട്ട് വയൽക്കിളികളുടെ വാദത്തിന് അനുകൂലമായാൽ എന്തു നിലപാട് സ്വീകരിക്കുമെന്നു സിപിഎം വ്യക്തമാക്കണമെന്നും വയൽക്കിളികൾ ആവശ്യപ്പെട്ടു. സമര ഐക്യദാർഢ്യ സമിതിയും വയൽക്കിളികളുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും വയൽക്കിളികൾ ഭാരവാഹികൾ പറഞ്ഞു.