ചീഫ് സെക്രട്ടറിക്ക് മർദ്ദനം: കേജ്‍രിവാളിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു

കേജ്‌രിവാളിനെ ചോദ്യം ചെയ്തശേഷം പുറത്തെത്തിയ ‍ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ ഹരേന്ദ്ര സിങ് മാധ്യമങ്ങളോടു സംസാരിക്കുന്നു. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ന്യൂ‍ഡൽഹി∙ ചീഫ് സെക്രട്ടറി അൻഷു പ്രകാശിന് മർദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. കേജ്‌രിവാളിന്റെ വസതിയിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. കേസിന്റെ അന്വേഷണ ചുമതലയുള്ള അഡീഷനൽ ഡിസിപി ഹരേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യൽ മൂന്നു മണിക്കൂർ നീണ്ടുനിന്നു.

ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘവുമായി മുഖ്യമന്ത്രി സഹകരിച്ചതായി ഹരേന്ദ്ര സിങ് മാധ്യമങ്ങളെ അറിയിച്ചു. ചില ചോദ്യങ്ങൾ മുഖ്യമന്ത്രി ഒഴിവാക്കി. ചോദ്യം ചെയ്യുന്നത് വിഡിയോയിൽ പകർത്തിയതിന്റെ പകർപ്പ് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും തങ്ങൾ നിരസിച്ചതായി അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹി മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാനെത്തിയ ചീഫ് സെക്രട്ടറിയെ രണ്ട് എംഎൽഎമാർ കേജ്‍രിവാളിന്റെ ഔദ്യോഗിക വസതിയിൽ വച്ചു മർദിച്ചെന്നായിരുന്നു പരാതി. നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തോട് സഹകരിക്കാൻ പൊലീസ് മുഖ്യമന്ത്രിക്കു നോട്ടിസ് നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 19 നാണ് ആക്രമണമുണ്ടായതെന്നാണു ചീഫ് സെക്രട്ടറിയുടെ പരാതി.