കേരളത്തിൽ പെട്രോൾ വില റെക്കോർഡിൽ; ലീറ്ററിന് 80 രൂപ കടന്നു

തിരുവനന്തപുരം ∙ കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. ഇതാദ്യമായി പെട്രോൾ വില സംസ്ഥാനത്ത് ലീറ്ററിന് 80 രൂപ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഇന്നു പെട്രോൾ വില ലീറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി. പെട്രോളിനും ഡീസലിനും ലീറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നു കൂടിയത്.

കൊച്ചിയിൽ ഇന്ന് പെട്രോൾ വില ലീറ്ററിന് 78.62 രൂപയായി. ഡീസൽ വില ലീറ്ററിന് 71.68 രൂപ. കോഴിക്കോട് പെട്രോൾ ലീറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. പിന്നിട്ട ആറു ദിവസവും വില വർധനയുണ്ടായി. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചനകൾ. കർ‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുൻപുള്ള 19 ദിവസങ്ങളിൽ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല.

ക്രൂഡോയിൽ വിലവർധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്ക്കു‌ണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങൾ. വില താഴ്ന്നുനിന്നപ്പോൾ വർധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായതുമില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ പകുതിയോളം നികുതികളാണ്. ഇറാനുമായുള്ള ആണവക്കരാറിൽ നിന്നു യുഎസ് പിന്തിരിഞ്ഞതു രാജ്യാന്തര എണ്ണ വിപണിക്കു ദീർഘകാല ഭീഷണിയാണ്.