ചോര പൊടിയാത്ത യുദ്ധത്തിന് ഇന്ത്യ; തന്ത്രമൊരുക്കാൻ നിർമിത ബുദ്ധിയും റോബട്ടും

ഇന്ത്യൻ സേനയുടെ പ്രകടനം (ഫയൽ ചിത്രം).

ന്യൂഡൽഹി∙ വിലയേറിയ മനുഷ്യജീവനുകളെ കുരുതികൊടുത്തുള്ള യുദ്ധങ്ങൾ ഭാവിയിൽ കുറഞ്ഞേക്കും; റോബട്ടുകളെയും നിർമിത ബുദ്ധിയെയും അടർക്കളത്തിൽ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ. കര, നാവിക, വ്യോമ സേനകളിലെ അടുത്ത തലമുറ യുദ്ധോപകരണങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണു പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ആളില്ലാ യുദ്ധ വിമാനങ്ങള്‍, ടാങ്കുകള്‍, കപ്പലുകള്‍, റോബട്ട് യുദ്ധോപകരണങ്ങൾ തുടങ്ങിയവ ഇനി ഇന്ത്യയുടെ സുരക്ഷ ഏറ്റെടുക്കും. പ്രതിരോധ മേഖലയിൽ നിര്‍മിതബുദ്ധി ഉപയോഗിച്ച് ചൈന ഏറെ മുന്നോട്ടുപോയ പശ്ചാത്തലത്തിലാണ് ഇന്ത്യയും പുതുവഴി തേടുന്നത്. ഭാവി യുദ്ധതന്ത്രത്തിൽ കംപ്യൂട്ടർ അധിഷ്ഠിത നിർമിത ബുദ്ധിയെ ഉപയോഗിക്കുകയെന്ന വലിയ പരിപാടിയാണു കേന്ദ്ര സർക്കാർ പരിഗണിക്കുന്നതെന്നു ഡിഫൻസ് പ്രെഡ‌ക്‌ഷൻ‌ സെക്രട്ടറി അജയ് കുമാർ പറഞ്ഞു.

സ്വകാര്യ മേഖലയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുക. ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്റെ നേതതൃത്വത്തില്‍ നിയോഗിച്ച പ്രത്യേക സംഘം പദ്ധതിക്കാവശ്യമായ രൂപരേഖ തയാറാക്കും. ഭാവിയിലെ യുദ്ധങ്ങള്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനമായിരിക്കും. സാങ്കേതികവിദ്യയും റോബട്ടിക്‌സുമാകും യുദ്ധം നയിക്കുക. മറ്റു ലോകരാജ്യങ്ങളോടൊപ്പം നമുക്കും മാറേണ്ടതുണ്ട്– അജയ് കുമാര്‍ പറഞ്ഞു.

യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ, ചൈന തുടങ്ങിയവ കംപ്യൂട്ടർ അധിഷ്ഠിത നിർമിത ബുദ്ധിയെ സമർഥമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ ശക്തമായ ഐടി സാന്നിധ്യം മുന്നോട്ടുള്ള പോക്കിനെ ഏറെ സഹായിക്കുമെന്നാണു പ്രതിരോധ മന്ത്രാലയം കരുതുന്നത്. കേന്ദ്ര പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിനും (ഡിആർഡിഒ) നിർണായക പങ്കുവഹിക്കാനുണ്ടെന്ന് അജയ് കുമാർ വ്യക്തമാക്കി.