കാലുപിടിച്ച് അപേക്ഷിച്ചപ്പോൾ ഇന്ത്യ നിർത്തി; പിന്നാലെ ആക്രമിച്ച് പാക്കിസ്ഥാൻ

ഇന്ത്യൻ സൈന്യം (ഫയൽ ചിത്രം).

ശ്രീനഗർ ∙ അതിർത്തിയിൽ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാക്കിസ്ഥാൻ. രാവിലെ ഏഴുമണിയോടെ ജമ്മു കശ്മീരിലെ അർണിയ സെക്ടറിൽ മോർട്ടാർ ഷെൽ ആക്രമണമാണ് ഉണ്ടായത്. കഴിഞ്ഞദിവസം രാജ്യാന്തര അതിർത്തിയിലെ ഷെല്ലാക്രമണത്തെ തുടർന്ന് ഇന്ത്യ കനത്ത പ്രത്യാക്രമണം നടത്തിയതു താങ്ങാനാവാതെ വന്നപ്പോൾ വെടിവയ്പ് നിർത്തണമെന്നു പാക്ക് സൈന്യം അഭ്യർഥിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്ത ആക്രമണം.

പാക്കിസ്ഥാനെതിരെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) തിരിച്ചടിച്ചു. പാക്ക് ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീക്കു പരുക്കേറ്റു. മുൻകരുതലിന്റെ ഭാഗമായി, ആക്രമണം നടന്ന സ്ഥലത്തിന്റെ അഞ്ചു കിലോമീറ്റർ പരിധിയിൽ സ്കൂളുകൾ അടച്ചിടാൻ നിർദേശം നൽകി. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്റെ അതിർത്തി രക്ഷാസേനയാണ് ബിഎസ്എഫിനോടു വെടിവയ്പ് നിർത്തൂവെന്നു ടെലിഫോണിൽ അഭ്യർഥിച്ചത്. ഇന്ത്യയുടെ തിരിച്ചടിയിൽ പാക്ക് സൈനികൻ മരിക്കുകയും പാക്ക് സൈനിക പോസ്റ്റ് നാമാവശേഷമാവുകയും സ്വത്തുവകകൾക്കു വൻനാശമുണ്ടാവുകയും ചെയ്തു.