നിപ്പാ വൈറസ് ഭീതിയിൽ കേരളം; കേന്ദ്ര മെഡിക്കൽ സംഘം കോഴിക്കോട്

കോഴിക്കോടെത്തിയ കേന്ദ്ര മെഡിക്കൽ സംഘം ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി ചർച്ച നടത്തുന്നു. ചിത്രം: സജീഷ് ശങ്കർ∙ മനോരമ

കോഴിക്കോട്∙ നിപ്പാ വൈറസ് ബാധ പടരുന്ന കോഴിക്കോടും മലപ്പുറവും കേന്ദ്ര മെഡിക്കൽ സംഘം സന്ദർശിച്ചു. നാഷനൽ സെന്റർ േഫാർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജീത് കെ.സിങ്ങാണ് സംഘത്തലവൻ. എൻസിഡിസിയിലെ എപിഡെമിയോളജി ചീഫ് ഡോ. എസ്.കെ.ജയിൻ, ഇഎംആർ ഡയറക്ടർ ഡോ. പി.രവീന്ദ്രൻ, സൂനോസിസ് ഡയറക്ടർ ഡോ. നവീൻ ഗുപ്ത എന്നിവരെ കൂടാതെ റസ്പിറേറ്ററി ഫിസിഷ്യൻ, ന്യൂറോ ഫിസിഷ്യൻ, അനിമൽ ഹസ്ബൻഡറി വിദഗ്ധൻ തുടങ്ങിയവരും സംഘത്തിലുണ്ട്.

സംസ്ഥാനത്തു ഭീതി പടർത്തി പനി മരണം തുടരുന്നതിനിടെയാണ് കേന്ദ്രസംഘത്തിന്റെ വരവ്. കോഴിക്കോട് ചികിത്സയിലായിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സും പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയുമായ ലിനി പുതുശേരി (31) ആണ് ഒടുവിൽ മരിച്ചത്. നിപ്പാ വൈറസ് ബാധിച്ചു മരിച്ച ചങ്ങരോത്തെ സഹോദരങ്ങളെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ ശുശ്രൂഷിച്ചതു ലിനിയാണ്. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരണം. ഇതോടെ, നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പനി മരണം 16 ആയി.

Read More: നിപ്പാ വൈറസിനെതിരെ സ്വീകരിക്കാം ഈ മുൻകരുതലുകൾ

അതിനിടെ, നിപ്പാ വൈറസ് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് സുരക്ഷ ഒരുക്കുന്നില്ലെന്ന് ആരോപണമുണ്ട്. ജീവനക്കാര്‍ക്ക് അത്യാവശ്യം വേണ്ട മാസ്ക് പോലും വിതരണം ചെയ്തില്ല. മൂന്നുപേര്‍ മരിച്ചവീട്ടില്‍ ബന്ധുക്കളെ പരിശോധിച്ചതു മാസ്ക് ഇല്ലാതെയാണ്. ബോധവൽക്കരണ പരിപാടികളും തുടങ്ങിയിട്ടില്ല. അരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്നു ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.

കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ ആറുപേർ ഞായറാഴ്ച മരിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം 15 ആയി. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചതു നിപ്പാ വൈറസ് ബാധ മൂലമാണെന്നു പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. നിപ്പാ വൈറസ് ബാധയോടെ പത്തു പേർ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഞായറാഴ്ച മരിച്ച ആറിൽ അഞ്ചുപേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഹെഡ് നഴ്സും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു മരണം ഡെങ്കിപ്പനി മൂലമാണ്. ആറുപേരിൽ ഒരാളുടെ മരണം നിപ്പാ വൈറസ് ബാധ മൂലമാണോയെന്നു സംശയമുണ്ട്. 

കോഴിക്കോട് ചെലവൂർ കാളാണ്ടിത്താഴം കാരിമറ്റത്തിൽ ബാബു സെബാസ്റ്റ്യന്റെ (റെയിൽവേ) ഭാര്യ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം ഹെഡ് നഴ്സ് ടെസി ജോർജ് (50), നടുവണ്ണൂർ കോട്ടൂർ തിരുവോട് മയിപ്പിൽ ഇസ്മയിൽ (50), മലപ്പുറം തിരൂരങ്ങാടി മൂന്നിയൂർ ആലിൻചുവട് പാലക്കത്തൊടു മേച്ചേരി സിന്ധു (36), പൊന്മള ചട്ടിപ്പറമ്പ് പാലയിൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഷിബിലി (14), കൊളത്തൂർ കാരാട്ടുപറമ്പ് താഴത്തിൽതൊടി വേലായുധൻ (സുന്ദരൻ–48) എന്നിവരാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. താമരശ്ശേരി പുതുപ്പാടി വള്ളിയാട് പുഴംകുന്നുമ്മൽ അബൂബക്കറിന്റെ ഭാര്യ റംല (ആരിഫ-38) ഡെങ്കിപ്പനി പിടിപെട്ടു മുക്കത്തെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്. 

നിപ്പാ വൈറസ് ലക്ഷണങ്ങൾ

∙ പനി, തലവേദന, ഛർദി, തലകറക്കം, ബോധക്ഷയം

∙ ചിലർ അപസ്മാര ലക്ഷണങ്ങൾ കാണിക്കും

∙ ലക്ഷണങ്ങൾ 10–12 ദിവസം നീണ്ടുനിൽക്കും

∙ തുടർന്ന് അബോധാവസ്ഥ

∙ മൂർധന്യാവസ്ഥയിൽ രോഗം മസ്തിഷ്കജ്വരത്തിലേക്കു നീളും, മരണം സംഭവിക്കാം

നിപ്പാ വൈറസ് ബാധ തടയാൻ

∙ പക്ഷിമൃഗാദികൾ കടിച്ച പഴങ്ങൾ കഴിക്കരുത്

∙ രോഗിയുമായി സമ്പർക്കം ഉണ്ടായാൽ കൈകൾ വൃത്തിയായി കഴുകണം

∙ രോഗിയെ പരിചരിക്കുമ്പോൾ മാസ്കും കയ്യുറയും ധരിക്കണം 

∙ വവ്വാലുകൾ അധികമുള്ളയിടത്തുനിന്നു ശേഖരിക്കുന്ന കള്ളു പോലുള്ള പാനീയങ്ങൾ കുടിക്കരുത്. 

എന്താണ് നിപ്പാ വൈറസ് (എൻഐവി) ?

1998ൽ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിൽ പടർന്നുപിടിച്ച മാരക മസ്തിഷ്കജ്വരത്തിനു കാരണമായ വൈറസ്.  നിപ്പാ മേഖലയിൽ പ്രത്യക്ഷപ്പെട്ടതിനാൽ ഈ പേര് ലഭിച്ചു. ഇതുവരെ പ്രതിരോധ വാക്സിൻ കണ്ടെത്തിയിട്ടില്ല. മരണനിരക്ക് 74.5%. 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന നിപ്പാ രോഗബാധകൾ

∙2001 സിലിഗുഡി (ഇന്ത്യ): രോഗം ബാധിച്ചവർ-66, മരിച്ചവർ-45

∙2011 ബംഗ്ലദേശ്: രോഗം ബാധിച്ചവർ-56, മരിച്ചവർ-50