നിപ്പാ വൈറസ് ബാധ: മൃതദേഹങ്ങൾ സംസ്കരിച്ചത് ആരോഗ്യവകുപ്പ്

കോഴിക്കോട് ∙ നിപ്പാ വൈറസ് പിടിപെട്ടു മരിച്ചെന്നു സംശയിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കാതെ ആരോഗ്യവകുപ്പ് അധികൃതർ സംസ്കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നു പുലർച്ചെ മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് പെരുവണ്ണാമുഴി ചെമ്പനോട ലിനി പുതുശേരി, ഇന്നലെ രാത്രി മരിച്ച പേരാമ്പ്ര ചെറുവണ്ണൂർ കണ്ടിത്താഴെ ചെറിയപറമ്പിൽ വേണുവിന്റെ ഭാര്യ ജാനകി എന്നിവരുടെ മൃതദേഹങ്ങളാണു കോഴിക്കോട് വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചത്. 

മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരിലേക്കും രോഗം പകരാൻ സാധ്യതയുള്ളതിനാലാണു ബന്ധുക്കളുടെ അനുവാദത്തോടെ മൃതദേഹങ്ങൾ ഇവിടെത്തന്നെ സംസ്കരിച്ചതെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ചങ്ങരോത്തെ സഹോദരങ്ങളുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ഇപ്പോൾ ചികിത്സയിലുണ്ട്. ഇയാൾക്കു വൈറസ് ബാധ സംശയിക്കുന്നുണ്ട്.