ഇന്ധനവില രണ്ടുരൂപ കുറഞ്ഞേക്കും; കമ്പനികളുമായി ചർച്ചയ്ക്ക് മന്ത്രി

ന്യൂഡൽഹി∙ ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറയ്ക്കുമെന്നു സൂചന. ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകും. പെട്രോളിനും ഡീസലിനും ലീറ്ററിനു രണ്ടുരൂപ കുറച്ചേക്കുമെന്നാണു വിവരം. സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. പുതിയ സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര പെട്രോളിയം മന്ത്രി എണ്ണക്കമ്പനി അധികൃതരുമായി ഇന്നു വൈകിട്ടോ നാളെയോ കൂടിക്കാഴ്ച നടത്തും.

ഇതിനിടെ, സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു. പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിനു 73.93 രൂപയുമാണു വില. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണു പെട്രോള്‍, ഡീസല്‍ വില കൂടുന്നത്. കൊച്ചിയില്‍ പെട്രോളിന് 79.59 രൂപയും ഡീസലിന് 72.48 രൂപയുമാണ്. ഇടുക്കിയില്‍ പെട്രോളിന് 79.96 രൂപയും ഡീസലിന് 72.91 രൂപയുമാണ് ഇന്നത്തെ വില. തൃശൂരില്‍ പെട്രോളിന് 79.80 രൂപയും ഡീസലിന് 72.70 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 79.97 രൂപയും ഡീസലിന് 72.94 രൂപയുമാണ് വില.