തൂത്തുക്കുടിയിലെ പൊലീസ് വെടിവയ്പ്പ് കരുതിക്കൂട്ടി; തെളിവുമായി വിഡിയോ പുറത്ത്

ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിൽനിന്ന്

ചെന്നൈ∙ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിനുനേരെ പൊലീസ് വെടിവച്ചത് കരുതിക്കൂട്ടിയാണെന്ന ആരോപണം ശക്തമാകുന്നു. പൊലീസ് വാഹനത്തിനു മുകളില്‍ കയറിനിന്ന്, കൊല്ലണമെന്ന ലക്ഷ്യത്തോടെ ഉന്നംപിടിച്ച് പൊലീസ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനത്തിനു മുകളിലിരുന്ന് ഉന്നം പിടിച്ചശേഷമാണ് സമരക്കാര്‍ക്കുനേരെ പൊലീസ് നിറയൊഴിക്കുന്നത്. വെടിയുതിര്‍ക്കുമെന്ന മുന്നറിയിപ്പോ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയോ ചെയ്യുന്നില്ല. വെടിയുതിര്‍ക്കുന്ന പൊലീസുകാരനു നല്‍കുന്ന നിര്‍ദേശം വിഡിയോയിൽ കേള്‍ക്കാം.

അക്രമാസക്തമായി നില്‍ക്കുന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുയായിരുന്നില്ല വെടിവയ്പ്പിന്‍റെ ലക്ഷ്യമെന്ന് ഈ ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നു. ജനക്കൂട്ടത്തിനിടയില്‍നിന്ന സമരനേതാവ് തമിഴരശന്‍ വെടിയേറ്റ് മരിച്ചതും പൊലീസിന്‍റെ ഉദ്ദേശ്യശുദ്ധിയെ സംശയത്തിന്‍റെ മുള്‍മുനയില്‍നിര്‍ത്തുന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാന്‍ ശ്രമിക്കുമ്പോഴും ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.

അതേസമയം, സ്റ്റർലൈറ്റ് പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി ഉയർന്നു. പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയടക്കം മരിച്ചിട്ടുണ്ട്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനടക്കമുള്ള നേതാക്കൾ ഇന്ന് തൂത്തുക്കുടി സന്ദർശിക്കും. പൊലീസ് നരനായാട്ടിനെതിരെ രാഷ്ടീയ-സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. സംഭവം അന്വേഷിക്കാൻ ഏകാംഗ ജുഡിഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ നടപടിക്കെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്. അതിനിടെ, വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി.