നിപ്പ: ലിനിയുടെ മക്കൾക്ക് പത്തുലക്ഷം വീതം; ഭർത്താവിന് ജോലി

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ വാർത്താസമ്മേളനത്തിൽനിന്ന്

തിരുവനന്തപുരം∙ നിപ്പ വൈറസിനെ നേരിടാൻ റിബവൈറിൻ മരുന്നെത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വൈറസിനെ നിയന്ത്രിക്കാൻ അൽപമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്. വവ്വാലിനെ ഭയക്കേണ്ടതില്ല. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങൾ തകർക്കരുത്. സ്ഥിതി വിലയിരുത്തുന്നതിനും തുടർനടപടികൾ ആലോചിക്കാനും 25ന് സർവകക്ഷിയോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.‌

അതിനിടെ, നിപ്പ വൈറസ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ചു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ മക്കൾക്ക് പത്തു ലക്ഷം രൂപവീതം നൽകും. അഞ്ചുലക്ഷം വീതം ദൈനംദിന ആവശ്യങ്ങൾക്കും അഞ്ചു ലക്ഷം വീതം സ്ഥിരനിക്ഷേപമായി നൽകുന്നതിനുമാണ് തീരുമാനം. ആവശ്യമെങ്കിൽ ഭർത്താവ് സജീഷിന് സർക്കാർ ജോലി നല്‍കുന്നതിനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

രോഗിയെ പരിചരിക്കാൻ ത്യാഗപൂർണമായ പ്രവർത്തനം കാഴ്ചവച്ച നഴ്സാണു ലിനി. രോഗി പരിചരിച്ചതുകൊണ്ടാണ് അവർക്ക് അസുഖം വന്നതും മരിച്ചതും. അതിനാൽ അവരുടെ കുടുംബത്തോടു നമുക്ക് പ്രതിബദ്ധതയുണ്ട്. മരിച്ചവരെല്ലാം സാധാരണ, ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. നിപ്പ വൈറസ് ബാധിച്ചതായി സംശയം തോന്നിയയുടൻ എൻസി‍ഡിയുമായും കേന്ദ്രസർക്കാരുമായും ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി അറിയിച്ചു.

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങള്‍:

∙ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സ് തൊഴിലാളികളുടെയും ഓഫിസര്‍മാരുടെയും ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു. 
∙ ഓഖി ദുരന്തത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കുന്നതിന് 7.62 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു. 
∙ എല്‍ബിഎസ് സെന്‍ററിലേയും എല്‍ബിഎസ് എൻജിനിയറിങ് കോളേജുകളിലേയും ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു. 
∙ സംസ്ഥാനത്ത് പുതുതായി പത്ത് ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനായി 99 തസ്തികകള്‍ സൃഷ്ടിക്കും. 

∙ സംസ്ഥാനത്ത് നൈപുണ്യവികസന പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചു. ഇതനുസരിച്ച് നൈപുണ്യവികസനത്തിനുളള നയങ്ങള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാനതല കൗണ്‍സിലായിരിക്കും. തൊഴിൽ ഉള്‍പ്പെടെ എട്ട് വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും രണ്ടു വ്യവസായ പ്രതിനിധികളും കൗണ്‍സിലില്‍  അംഗങ്ങളായിരിക്കും. 

∙ കര്‍ഷകരുടെ ക്ഷേമത്തിനും അവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ക്ഷേമനിധി രൂപീകരിക്കുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.